ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്

മണ്ഡല പൂജയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെ തീർത്ഥാടകർ മണിക്കൂറുകളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. നിലയ്ക്കലിൽ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതാണ് ഗതാഗതക്കരുക്ക് രൂക്ഷമാക്കിയത്.
ഞായറാഴ്ച രാത്രി മുതൽ നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായത്. മണ്ഡലകാലം അവസാനിക്കാറായതും സ്‌കൂൾ അവധിയുമാണ് ഈ വർധനവിന് കാരണം. നിലവിൽ 17 പാർക്കിങ് ഗ്രൗണ്ടുകളാണ് ഉള്ളത്. 15000 വാഹനങ്ങൾ നിർത്താൻ കഴിയുമെന്നാണ് കണക്കുകളെങ്കിലും, നിലവിൽ 6000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബാക്കി സ്ഥലങ്ങൾ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നിലയ്ക്കൽ വാഹനം പാർക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീർഥാടകരുടെ തിരിച്ച് വരവ് വൈകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു ‘
വരും ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ ഇടയുള്ളതിനാൽ പാർക്കിങിന് കൂടുതൽ സൗകര്യമൊരുക്കാൻ, നിലയ്ക്കലിൽ സന്ദർശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പോലീസിനോട് നിർദേശിച്ചു. ഇതിനാവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മകരവിളക്ക് സീസൺ തുടങ്ങുന്നതിനു മുൻപ്, കൂടുതൽ പാർക്കിങ് സംവിധാനം ഒരുക്കാനാണ് തീരുമാനം. ഇതിന് കഴിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധിയാകും ഉണ്ടാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here