ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ബുധനാഴ്ച തുടക്കമാവും

ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ബുധനാഴ്ച തുടക്കമാവും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചു മണിക്കാണ് മൽസരം ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയിൽ ഇരുടീമും 11ന് ഒപ്പത്തിനൊപ്പമാണ്.
രണ്ടാം ടെസ്റ്റിലെ പിഴവുകൾ തിരുത്തിയാണ് ഇന്ത്യ മെൽബണിലെ ജീവനുള്ള പിച്ചിൽ കളിക്കാനിറങ്ങുക. പിച്ച് ആദ്യം പേസിനെയും പിന്നീട് സ്പിന്നിനെയും തുണയ്ക്കുമെന്ന് ക്യൂറേറ്റർ നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. പരുക്കിൽ നിന്ന് മോചിതനായ രവീന്ദ്ര ജഡേജ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അവസാന ഇലവനിൽ കളിക്കുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ. ടെസ്റ്റിന് രണ്ട് നാൾ മുമ്പേ പ്രഖ്യാപിച്ച പതിമൂന്നംഗ ഇന്ത്യൻ ടീമിൽ ജഡേജയുണ്ട്
ഓപ്പണർമാരായ കെ.എൽ. രാഹുലും മുരളി വിജയും ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും ഇവർ പരാജയമായിരുന്നു. രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന്റെ ആത്മബലത്തിലാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ഒട്ടേറെ തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏഴു വയസുകാരൻ ആർച്ചി ഷില്ലറാണ് ഓസീസ് ടീമിലെ മുഖ്യ ആകർഷണം. ക്രിക്കറ്റ് പ്രേമിയായ ഷില്ലാർ ടീമിന്റെ സഹ ക്യാപ്റ്റനായിരിക്കും.
മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ടീമിൽ മാറ്റമുണ്ടാവില്ലെന്നാണ് വിവരം. ആദ്യ രണ്ടു ടെസ്റ്റുകളിലും ഒരേ ഇലവനെത്തന്നെയാണ് ആതിഥേയർ അണിനിരത്തിയത്. ആദ്യ ടെസ്റ്റിൽ ബാറ്റിങ് നിര നിറംമങ്ങിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അവസാന രണ്ടു ടെസ്റ്റുകൾക്കും ഇതേ ടീമിനെ തന്നെ നിലനിർത്തിയതായി നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പരമ്പരയിൽ ഇരു ടീമുകളും നിലവിൽ ഒപ്പത്തിനൊപ്പമാണ് 11.
മെൽബണിൽ വിജയിച്ചാൽ ഇന്ത്യക്ക് ചരിത്ര നേട്ടം സ്വന്തമാകും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ 150ാം വിജയമെന്ന അസുലഭ നേട്ടമാണ് ഇന്ത്യക്ക് സ്വന്തമാകുക. ഓസ്‌ട്രേലിയ (384), ഇംഗ്ലണ്ട് (364), വിൻഡീസ്(171), ദക്ഷിണാഫ്രിക്ക (161) എന്നിവയാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയ ടീമുകൾ.
വിജയം ഓസീസിനാണെങ്കിലും അതും ചരിത്രമാകും. ഇന്റർ നാഷണൽ ക്രിക്കറ്റിൽ ഓസീസിന് ആയിരം വിജയങ്ങൾ പൂർത്തിയാകും. എല്ലാ ഫോർമാറ്റിലുമായി ഓസീസ് ഇതുവരെ 999 മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here