ശബരിമല വിഷയം; സംസ്ഥാന നേതൃത്വത്തിന് പാളിയെന്ന് സർവ്വേ ഫലം; ബിജെപിക്ക് തിരിച്ചടിയായി ബിജെപി നടത്തിയ സർവ്വേ; ട്വന്റിഫോർ ബ്രേക്കിംഗ്

ശബരിമല വിഷയം ശരണമാക്കാൻ സംസ്ഥാന നേത്യത്വത്തിന് സാധിച്ചില്ലെന്ന് ബി.ജെ.പി നടത്തിയ സർവ്വേ. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായുടെ നിർദേശാനുസരണം നടന്ന സർവ്വേയാണ് നിലവിലുള്ള നേത്യത്വത്തിന്റെ പ്രവർത്തന പരാജയത്തിന് നേരെ വിരൽ ചൂണ്ടുന്നത്. നേതാക്കൾക്ക് പകരം പൊതുസമ്മതർ സ്ഥാനാർത്ഥികളായില്ലെങ്കിൽ ഒരു നേട്ടവും പൊതു തിരഞ്ഞെടുപ്പിൽ അത് സമ്മാനിയ്ക്കില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് കുമ്മനം രാജശേഖരനെ തിരികെ കൊണ്ട് വരണം എന്നും സർവ്വേ വിലയിരുത്തുന്നു. സർവ്വേഫലം കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേത്യത്വം വിലയിരുത്തി. ട്വന്റിഫോർ ബ്രേക്കിംഗ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ് ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ മൂന്ന് സർവ്വേകളാണ് സംസ്ഥാനത്ത് നടത്തിയത്. നവംബർ അവസാനം വിലയിരുത്തിയതടക്കം മൂന്ന് സർവ്വേകളും നിലവിലുള്ള സാഹചര്യം രാഷ്ട്രീയമായ് അനുകൂലമാക്കാൻ സംഘടന പ്രശ്‌നങ്ങൾ സംസ്ഥാനത്ത് തടസ്സമായതായ് കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നൽകുന്നു. ബി.ജെ.പി പ്രവർത്തകർ മറ്റ് രാഷ്ട്രീയ പാർട്ടി അംഗങ്ങൾ നിഷ്പക്ഷർ സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖർ മാധ്യമപ്രവർത്തകർ തുടങ്ങി ഏഴു വിഭാഗങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ കുമ്മനത്തെ ശരണം പ്രാപിയ്ക്കണം എന്നതാണ് സർവ്വേയുടെ പൊതുവികാരം. പാർട്ടി പ്രവർത്തകരിൽ ഭൂരിപക്ഷവും നേതൃത്വത്തിലെ ഭിന്നതയിൽ ആശങ്ക ഉള്ളവരാണ്. നിലവിലുള്ള സാഹചര്യത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടി സമ്മാനിയ്ക്കും എന്ന് അവർ കരുതുന്നു. ബി.ജെ.പി ഇതര വിഭാഗത്തിന്റെ നിലപാടും സംസ്ഥാന ബി.ജെ.പി യിലെ വിഭാഗീയത സീമകൾ ലംഘിച്ചതായാണ്.
കേന്ദ്രസർക്കാർ നേട്ടങ്ങളെ ജനങ്ങളിലെയ്ക്ക് എത്തിയ്ക്കാൻ യാതൊരു ശ്രമങ്ങളും സംസ്ഥാന ഘടകം നടത്തുന്നില്ലെന്ന് സർവ്വേ വ്യക്തമാക്കുന്നു. ശബരിമലയുടെ പേരിലുള്ള അനുകൂല വികാരത്തെ വോട്ടാക്കി മാറ്റാൻ ഇപ്പോഴുള്ള നേതാക്കളെ സ്ഥാനാർത്ഥികളാക്കിയാൽ സാധിക്കില്ല എന്നതാണ് സർവ്വേ നൽകുന്ന മറ്റൊരു പ്രധാന മുന്നറിയിപ്പ്. പൊതുസമ്മതരായ ആളുകൾ പാർട്ടി സ്ഥാനാർത്ഥികളായാൽ മാത്രമേ ഗുണം ഉണ്ടാകൂ. നേതൃത്വത്തിന്റെ സഹിഷ്ണുത ഇല്ലാത്ത പ്രതികരണവും അസ്വസ്ഥത ഉണ്ടാക്കുന്നതായാണ് സർവ്വേ വ്യക്തമാക്കുന്നത്. സമരപരിപാടികൾ താഴെത്തട്ടിൽ ആലോചിയ്ക്കുന്നില്ല. ഇക്കാര്യത്തിലും സർവ്വേയിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾ അതൃപ്തി വ്യക്തമാക്കുന്നു. എൻ.ഡി.എ യിൽ നിന്ന് ഘടക കക്ഷികൾ പോകുന്നത് ബി.ജെ.പി നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന വിലയിരുത്തലും സർവ്വേ നടത്തിയിട്ടുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം സർവ്വേഫലം വിലയിരുത്തി. സർവ്വേ ശൃംഖലകളിലെ നാലാമത്തെ സർവ്വേ ജനുവരി ആദ്യവാരം ആരംഭിയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here