ശബരിമലയിൽ മകരവിളക്ക് കാലത്ത് യുവതി പ്രവേശനം അനുവദിക്കില്ലെന്ന് ഉറപ്പായി

ശബരിമലയിൽ മകരവിളക്ക് കാലത്ത് യുവതി പ്രവേശനം അനുവദിക്കില്ലെന്ന് ഉറപ്പായി. ദേവസ്വം ബോർഡും പൊലീസും സർക്കാരും ഒടുവിൽ ഈ നിലപാടിലെത്തി. സുപ്രീം കോടതിയുടെ അന്തിമ വിധി വരട്ടെ എന്നാണ് സർക്കാർ സമീപനം.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും പൊലീസും വ്യാപക വിമർശനം നേരിടുകയായിരുന്നു. മല കയറാൻ സന്നദ്ധരായ യുവതികൾക്കൊപ്പം എന്നു വരുത്തുക, പ്രതിഷേധത്തെത്തുടർന്ന് ലക്ഷ്യത്തിലെത്തിക്കാതെ തിരിച്ചിറക്കുക ,ശബരിമലയിൽ പൊലീസ് ചെയ്തത് ഇതാണ്. വെറും നാടകമാണ് പൊലീസിന്റേത് എന്ന വിമർശനവും ഉയർന്നു. മകരവിളക്ക് കാലത്ത് ബലപ്രയോഗത്തിലൂടെ യുവതികളെ ശബരിമലയിൽ എത്തിക്കേണ്ട എന്നാണ് സർക്കാരിന്റെ പുതിയ നിലപാട് .ഇതിന് അനുകൂലമായി പൊലീസിനെ കൊണ്ട് റിപ്പോർട്ട് എഴുതി വാങ്ങിയിട്ടുണ്ട്. മകര വിളക്ക് കാലത്ത് ശബരിമലയിലേക്ക് യുവതികൾ വരരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞത് സർക്കാർ നിലപാടിന്റെ തുടർച്ചയാണ്. ഇനി ശബരിമല കയറാൻ സന്നദ്ധരാകുന്ന യുവതികളെ അനുനയിപ്പിച്ച് തിരിച്ചുവിടുകയാകും പൊലീസ് ചെയ്യുക. സുപ്രീം കോടതിയുടെ അന്തിമ വിധി വരെ സർക്കാരും പ്രതിരോധത്തിലായെന്ന് ചുരുക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here