സൗദിയില്‍ വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടമാകുന്നു

സൗദിയില്‍ ഈ വര്‍ഷം മാത്രം പത്തൊമ്പതിനായിരം വിദേശ എന്‍ജിനീയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്ക്. സ്വദേശീ എഞ്ചിനീയര്‍മാരുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വര്‍ഷം മാത്രം സൗദിയില്‍ പത്തൊമ്പതിനായിരം വിദേശ എഞ്ചിനീയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
അതേസമയം, സ്വദേശികളായ എഞ്ചിനീയര്‍മാരുടെ എണ്ണം നാല്‍പ്പത്തിമൂന്നു ശതമാനം വര്‍ധിച്ചു. 35,778 സൗദി എഞ്ചിനീയര്‍മാര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് ഇരുപത്തി അയ്യായിരം ആയിരുന്നു. ആകെ 1,89,703 എഞ്ചിനീയര്‍മാരാണ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എണ്‍പത്തിയൊന്നു ശതമാനവും വിദേശികളാണ്.
വിദേശികളായ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്മെന്‍റ് നിയന്ത്രിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം കൗണ്‍സിലുമായി നേരത്തെ ധാരണയായിരുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയസമ്പത്തുള്ള എഞ്ചിനീയര്‍മാരെ മാത്രം റിക്രൂട്ട് ചെയ്‌താല്‍ മതിയെന്നാണ് നിര്‍ദേശം. മതിയായ യോഗ്യതയുണ്ടെന്നു ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here