വടകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരൻ പിടിയിൽ. പനന്തോടിക്കുനി സ്വദേശി വിപിൻ കൃഷ്ണനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് രണ്ട് വർഷമായി തുടരുന്ന പീഡന വിവരം പുറത്തറിയുന്നത്. വാടകയ്ക്ക് താമസിക്കുകയായിരുന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ നിർദ്ധനാവസ്ഥ മുതലെടുത്താണ് ഇയാൾ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വടകരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പതിനേഴുകാരിയായ പെൺകുട്ടിയുടെ കുടുംബം. അഷ്ടിക്ക് വകയില്ലായിരുന്ന കുടുംബത്തിന്റെ അവസ്ഥ മുതലെടുക്കുകയായിരുന്നു അയൽക്കാരനായ പ്രതി പൊന്മേരി പറമ്പിൽ പനന്തോടിക്കുനി വിപിൻ കൃഷ്ണൻ. പെൺകുട്ടിക്ക് ഓരോന്ന് വാങ്ങി നൽകിയാണ് ഇയാൾ പീഡനം ആരംഭിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയും പെൺകുട്ടിയും മാത്രം വീട്ടിലുള്ള സമയം നോക്കിയാണ് പ്രതി വീട്ടിലെത്തിയിരുന്നത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളം ഇയാൾ പീഡനം തുടർന്നു. മാനസികമായി തളർന്ന പെൺകുട്ടി സ്‌കുളിലെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയും ടു വീലർ മെക്കാനിക്കായ വിപിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പോക്‌സോ നിയമപ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here