മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നിന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ

മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ വിട്ടു നിന്നുവെന്ന വിമർശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ. മുത്തലാഖ് ബില്ലിൻമേലുള്ള ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. അതെസമയം, ദേശീയ ജനറൽ സെക്രട്ടറിയുടെ അസാന്നിധ്യം രാഷ്ട്രീയമായി തിരിച്ചടികൾക്ക് വഴിവെക്കുമോയെന്ന ആശങ്കയിലാണ് ലീഗ് നേതൃത്വം. ചർച്ചയിൽ നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതിലെ അതൃപ്തി സമസ്ത ലീഗ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
മുത്തലാഖ് ബില്ല് സംബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാട് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്ന സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീറും രംഗത്ത് വന്നത്.
മുത്തലാഖ് വിഷയത്തിൽ മുസ്ലീം ലീഗ് നിലപാടിലെ മൂർച്ച കുറഞ്ഞിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീർ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കിയവരുടേത് സദുദ്ദേശമല്ല. കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെൻറിൽ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
അതെസമയം മുത്തലാഖ് ബില്ലിന് എതിരെ എം.പി ഇ.ടി മുഹമ്മദ് ബഷീർ പാർലമെന്റിൽ നടത്തിയ ഇടപെടലിന്റെ ഗുണം രാഷ്ട്രീയമായി ലഭിക്കാത്ത അവസ്ഥയിലാണ് മുസ്!ലിം ലീഗ്. ദേശീയ ജനറൽ സെക്രട്ടറിയുടെ അസാന്നിധ്യം രാഷ്ട്രീയമായി തിരിച്ചടികൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സമസ്തയ്ക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇത് അവർ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി സമുദായത്തെ വഞ്ചിച്ചുവെന്നാരോപിച്ച് ഐഎൻഎൽ ഇന്ന് കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here