ശിവഗിരി തീർത്ഥാടനത്തിന് തുടക്കം

ശിവഗിരി തീർത്ഥാടനത്തിന് തുടക്കം. ഗവർണർ ജസ്റ്റിസ് പി സദാശിവം തീർത്ഥാടന പരിപാടികൾക്ക് തിരിതെളിച്ചു. നവോത്ഥാനത്തിന്റെ പിതാവാണ് ശ്രീ നാരായണ ഗുരുവെന്ന് ഗവർണർ പറഞ്ഞു.
അറിവ്, ആരോഗ്യം ,ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുൻനിർത്തിയാണ് ഇത്തവണത്തെ തീർത്ഥാടനം. പദയാത്രയായി വിവിധ സ്ഥലങ്ങളിൽ നിന്ന് ശിവഗിരിയിലേക്ക് തീർത്ഥാടകർ എത്തിച്ചേരുകയാണ്. ഗുരുവിന്റെ ദർശനങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട് എന്ന് തീർഥാടനം ഉദ്ഘാടനം ചെയ്ത് ഗവർണർ പറഞ്ഞു.
ജാതിയുടേയും മതത്തിന്റെയും അടക്കം എല്ലാ മതിലുകളും തകർക്കപ്പെടാനുള്ളതാണെന്ന ഗുരുവിന്റെ ആശയത്തിന് പ്രാധാന്യം ഏറിയിരിക്കുകയാണെന്ന് ആശംസാ പ്രസംഗത്തില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഗുരുദേവൻ എതിർത്തത് അന്ധമായ വിശ്വാസത്തെയാണെന്നും, സമൂഹത്തിന് ഉപദ്രവമില്ലാത്ത വിശ്വാസത്തെ തുടരാൻ ഭരണഘടന പറയുന്നുണ്ടെന്നും ശബരിമല വിധിയുടെ പേരെടുത്ത് പറയാതെ എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള, ഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്, മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇനി പുതുവത്സര ദിനം വരെ ശിവഗിരി മഞ്ഞ നിറത്തിൽ മുങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here