സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ആചാരലംഘനം നടന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു. ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിക്കാനും ശ്രമം നടന്നു. സെക്രട്ടറിയേറ്റിലേക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ഇപ്പോള്‍ തടഞ്ഞിരിക്കുന്നു. ട്വന്റിഫോര്‍ ക്യാമറാമാന്‍ അഭിലാഷിന് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറ കൈക്കലാക്കി നിലത്ത് അടിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു. കൈരളി കാമറ വുമൻ ഷാജില, മീഡിയാവൻ ക്യാമറാമാൻ രാജേഷ്, മാതൃഭൂമി ബിജു എന്നിവർക്കും മർദ്ദനമേറ്റിട്ടുണ്ട്. വലിയ പോലീസ് സംഘം തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇതിന് പുറമെ മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ശക്തമാണ്. തൃശ്ശൂരില്‍ മന്ത്രി കടകംപള്ളി പങ്കെടുത്ത പരിപാടിയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കണ്ണൂരിലും തലശ്ശേരി ഹരിപ്പാട് എന്നിവിടങ്ങളില്‍ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. റാന്നിയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായി.
വടക്കാഞ്ചേരിയിൽ മാധ്യമങ്ങൾക്കുനേരെ പ്രതിഷേധക്കാരുടെ ആക്രമണം. നിർബന്ധിച്ചു കടകൾ അടപ്പിക്കുന്നതു ദൃശ്യങ്ങൾ എടുത്തിരുന്ന പ്രാദേശിക ചാനല് പ്രവർത്തകർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ക്യാമറ തകര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here