ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും

യുവതി പ്രവേശന വിവാദങ്ങൾക്കിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. മകരവിളക്കുത്സവത്തിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് കൂടിയാണ് സംഘം സന്ദർശനം നടത്തുന്നത് .മകര വിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ശബരിമലയിലെ ക്രമീകരണങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾക്കായി ഹൈക്കോടതി നിയോഗിച്ച ഉപസമിതി എത്തുന്നത്. രാവിലെ 11.30 ഓടെ എത്തുന്ന സംഘം നിലക്കലിലെ പാർക്കിംഗ് അടക്കമുള്ള ക്രമീകരണങ്ങൾ പരിശോധിക്കും. മണ്ഡല കാലത്ത് നിലയ്ക്കലിൽ പാർക്കിംഗ് ഏരിയയിലെ സൗകര്യ കുറവ് മൂലം 9 കിലോമീറ്റർ ദൂരത്തിൽ അയപ്പ ഭക്തരുടെ വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മകര വിളക്ക് കാലത്തേക്കായി കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ നിലയ്ക്കലിൽ കഴിഞ്ഞ ദിവസം ഉണ്ടാക്കിയിരുന്നു. ഇതടക്കം നിലയ്ക്കലിലെ മറ്റ് സൗകര്യങ്ങളെല്ലാം സംഘം പരിശോധിക്കും. തുടർന്ന് പമ്പയിലും സന്നിധാനത്തും സമിതി നേരിട്ടെത്തി ക്രമീകരണങ്ങൾ മനസിലാക്കും.
എവിടെയൊക്കെ തീർത്ഥാടകർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന കാര്യത്തിൽ ദേവസ്വം ബോർഡുമായും വിവിധ വകുപ്പുകളുമായും സമിതി ചർച്ച നടത്തുന്നുണ്ട്. പ്രളയാനന്തരം പമ്പയിലെ ബേസ് ക്യാമ്പിൽ നടത്തിയ പുനർ നിർമാണങ്ങൾ പരിശോധിക്കുന്നതിനൊപ്പം മകരവിളക്ക് സമയത്ത് അയപ്പ ഭക്തരെ ഇവിടേക്ക് കടത്തി വിടണമോ എന്നതടക്കമുള്ള കാര്യത്തിലും സമിതി തീരുമാനം എടുക്കും. കൂടാതെ മകര വിളക്ക് ദർശനത്തിന് വലിയ തോതിൽ ഭക്തരെത്തിയാൽ പമ്പയിൽ ഏത് രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന കാര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുനുണ്ട്. ഇതിന് ശേഷം പമ്പയിലേയും സന്നിധാനത്തേയും സാഹചര്യങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here