Advertisement

മകര സംക്രമ പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ സന്നിധാനത്തേക്ക് പുറപ്പെട്ടു

January 12, 2019
Google News 0 minutes Read

മകര സംക്രമ പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ സന്നിധാനത്തേക്ക് പുറപ്പെട്ടു. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ പൂർത്തിയാക്കിയാണ് ഘോഷയാത്ര പ്രയാണംആരംഭിച്ചത്. അതിനിടെ ശബരിമലയിൽ മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിരുവാഭരണ ഘോഷയാത്ര 14 ന് വൈകുന്നേരം സന്നിധാനത്ത് എത്തും

പുലർച്ചെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണങ്ങൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് മാറ്റി. ഉച്ചയ്ക്ക് വിശേഷാൽ പൂജകൾ തുടങ്ങും വരെ ആയിരങ്ങൾ തിരുവാഭരണം ദർശിക്കാനെത്തി. പൂജകൾക്ക് ശേഷം ഒരു മണിയോടെ മേൽശാന്തി ഉടവാൾ രാജ പ്രതിനിധിക്ക് കൈമാറി. ഇതോടെ ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയും സംഘവും തിരുവാഭരണ പേടകങ്ങൾ ശിരസിലേറ്റി യാത്ര തുടങ്ങി

ശബരിമല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർത്ഥസാരത്ഥി ക്ഷേത്രം പിന്നിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റുവാങ്ങിയ തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് പ്രയാണം ആരംഭിച്ചത്. കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുളനട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു ആദ്യ സ്വീകരണങ്ങൾ. ഉള്ളന്നൂർ, കുറിയാനിപ്പള്ളി, കാവുംപടി ക്ഷേത്രങ്ങൾ പിന്നിട്ടാണ് ആറൻമുളയിലെത്തിയത്. പൊന്നും തോട്ടം, പാമ്പാടിമൺ, ചെറുകോൽപ്പുഴ ക്ഷേത്രങ്ങൾ പിന്നിട്ട് രാത്രിയിൽ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നു വയ്ക്കും. സംഘം ഇന്ന് ഇവിടെയാണ് വിശ്രമിക്കുക. യാത്രയിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാരും ദേവസ്വം ബോർഡും കൊട്ടാരം നിർവാഹക സമിതിയും ചേർന്ന് ഒരുക്കുന്നത്.

കുളനട, ആറന്മുള, അയിരൂർ, റാന്നി, വടശേരിക്കര, ളാഹ, നിലയ്ക്കൽ, അട്ടത്തോട് തുടങ്ങി നിരവധി ഇടങ്ങളിൽ സ്വീകണം ഏറ്റുവാങ്ങിയാണ് തിരുവാഭരണ യാത്രയുടെ പ്രയാണം. കാനന പാതയിലൂടെ സഞ്ചരിച്ച് 14ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. യുവതീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തിലും, ഭീഷണിയുണ്ടെന്ന കൊട്ടാരത്തിന്റെ പരാതിയിലും കനത്ത സുരക്ഷയാണ് ഇക്കുറി തിരുവാഭരണ ഘോഷയാത്രയ്ക്ക് നൽകുന്നത്.

ശരംകുത്തിയിൽ ദേവസ്വം ബോർഡ് ജീവനക്കാർ ആചാരപരമായ സ്വീകരണം നൽകും. സന്നിധാനത്ത് എത്തുന്ന ഘോഷയാത്രയെ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. തിരുവാഭരണം ചാർത്തി യുള്ള ദീപാരാധന 6.30ന് നടക്കും. പിന്നാലെ മകരജ്യോതി തെളിയും. 7.50നാണ് മകരസംക്രമ പൂജ. മകരജ്യോതി ദർശനത്തിനായി എട്ട് കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ബോർഡ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തി. ഇത്തവണ ഹിൽ ടോപ്പിൽ മകരജ്യോതി ദർശനത്തിന് ഭക്തരെ കടത്തിവിടില്ല. സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here