റെഡ് അലർട്ട്; മലപ്പുറത്തെ ട്യൂഷൻ സെന്‍ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ.
അതേസമയം, മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, പുഴ – കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി കാലകങ്ങളിൽ നിലമ്പൂര്‍-നാടുകാണി ചുരം വഴി അനാവശ്യ യാത്രകൾ ഒഴിവാക്കണം. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് കൂട്ടിച്ചേർത്തു.
കാസർഗോഡ് ,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മലപ്പുറം നിലമ്പൂരിൽ കനത്ത മഴ തുടരുകയാണ്.പുന്നപ്പുഴയിൽ ചങ്ങാടം ഒലിച്ചുപോയി. ഇതോടെ പുഞ്ചക്കൊല്ലി അളക്കൽ ഉന്നിതികൾ ഒറ്റപ്പെട്ടു.
Story Highlights : Red alert; All educational institutions, including tuition centers in Malappuram, will be closed tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here