മകരവിളക്ക്; നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണം

മകര വിളക്കിനോടനുബന്ധിച്ച് നിലയ്കലിലേക്കുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. 13 ആം തീയതി വൈകിട്ട് മുതൽ പത്തനംതിട്ട- നിലയ്ക്കൽ, എരുമേലി- നിലയ്ക്കൽ റൂട്ടുകളിൽ അയപ്പൻമാരുടെ സ്വകാര്യ വാഹനങ്ങൾ കടത്തി വിടില്ല. ഇവിടങ്ങളിൽ നിന്ന് കെ എസ്ആർടിസിയുടെ ചെയിൻ സർവീസുകളിൽ ഭക്തർക്ക് പന്പയിലെത്താം .
അതേസമയം മകര വിളക്ക് ദിനമായ 14ന് തീയതി രണ്ട് മണി മുതൽ കെ.എസ്ആർടിസി അടക്കം ഒരു വാഹനവും നിലയ്കലിലേക്ക് കടത്തി വിടില്ല.മകരവിളക്കിനോടനുബന്ധിച്ച് കൂടുതലായി അയപ്പഭക്തർ ശബരിമലയിലേക്ക് എത്തിചേരുമെന്നതിനാലാണ് ഗതാഗത കുരുക്ക് ഒഴിവാക്കാൻ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തെ തുടർന്ന് പന്പയിലെ പാർക്കിംഗ് ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒലിച്ച് പോയതോടെയാണ് ഇത്തവണ നിലയ്ക്കലിലേക്ക് ബേസ് ക്യാന്പ് മാറ്റിയത്. എന്നാൽ ഇത്തവണ മണ്ഡല കാലത്ത് അയപ്പഭക്തരുടെ തിരിക്ക് വർദ്ധിച്ച ദിവസങ്ങളിൽ നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ ഉൾകൊള്ളാനാകാതെ വരികയും മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് മുന്നിൽ കണ്ടാണ് മകരവിളക്ക് ദിനങ്ങളിൽ ളാഹയിലും, എരുമേലിയിലും അയപ്പഭക്തരുടെ വാഹനങ്ങൾ തടയുന്നത്.
മകരവിളക്കിന്റെ തലേ ദിവസമായ 13 ന് നാല് മണി മുതൽ അയപ്പൻ മാരെത്തുന്ന സ്വകാര്യ വാഹനങ്ങൾ ളാഹയിലും എരുമേലിയിലും തടഞ്ഞ് പാർക്കിംഗ് ഒരുക്കും. ളാഹയിൽ പോലീസ് നിർദേശം അനുസരിച്ച് വിവിധ ഗ്രൗണ്ടുകളിലും, റോഡിന് വശങ്ങളിലും പാർക്ക് ചെയ്ത ശേഷം അവിടെ നിന്ന് ഏർപ്പെടുത്തിയിരിക്കുന്ന കെ.എസ്ആർടിസി ചെയിൻ സർവീസുകളിൽ അയപ്പ ഭക്തരെ പന്പയിലെത്തിക്കും. ളാഹയിലെ പാർക്കിംഗ് ഏരിയകൾ നിറഞ്ഞ് കഴിഞ്ഞാൽ പെരിനാട്ടിലും തുടർന്ന് വടശേരിക്കരയിലുമായിരിക്കും പാർക്കിംഗ് ഒരുക്കുക. അതേ സമയം എരുമേലി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ 13 ന് നാല് മണിക്ക് ശേഷം എരുമേലി പാർക്കിംഗ് ഗ്രൗണ്ടിലും പോലീസ് നിർദേശിക്കുന്ന റോഡിന് വശങ്ങളിലും പാർക്ക് ചെയണം.
എരുമേലിയിൽ പാർക്കിംഗ് പൂർണമാകുന്ന സാഹചര്യം വന്നാൽ പൊൻകുന്നം, മുണ്ടക്കയം വണ്ടിപ്പെരിയാർ എന്നിവടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയിക്കും. ഇവിടങ്ങളിൽ നിന്നെല്ലാം ചെയിൻ സർവീസുകൾ നടത്താൻ കെ എസ്ആർട്ടിസി ആയിരത്തോളം അധിക ബസുകൾ എത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതേസമയം മകരവിളക്ക് ദിവസമായ 14 ആം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവടങ്ങളിൽ നിന്നുള്ള കെ എസ്ആർടി സി ബസുകളടക്കം ഒരു വാഹനവും നിലയ്ക്കലിലേക്ക് കടത്തി വിടില്ല. മകരവിളക്ക് ദർശനത്തിന് ശേഷം പോലീസിന്റെ നിർദേശം വരുന്നത് വരെ ഈ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സർക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here