19
Mar 2019
Tuesday
100 News

മകരവിളക്ക് നാളെ

transgenders returned from sabarimala

ശബരിമലയിൽ നാളെ മകരവിളക്ക്. ഇന്നലെ പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകുന്നേരം സന്നിധാനത്ത് എത്തും. ആറരയോടെ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് മകരജ്യോതി തെളിയും. മകരസംക്രമ പൂജ 7.52 നാണ് നടക്കുക. മകരവിളക് ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ വിവിധ വകുപ്പുകളുടെ യോഗം ഇന്നു ശബരിമലയിൽ ചേരും. എട്ട് സ്ഥലങ്ങളിലായാണ് മകരവിളക്കിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍  പമ്പ ഹില്‍ടോപ്പ് വ്യു പോയിന്റില്‍ കയറുന്നത് നിരോധിച്ചു അപകടസാധ്യത കണക്കിലെടുത്താണ് നടപടി.  ഹില്‍ടോപ്പ് വ്യു പോയിന്റിലേക്ക് കയറുന്നത് നിരോധിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹാണ് ഉത്തരവിട്ടത്.  സംയുക്തപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നു മകരജ്യോതി തെളിയും.   മകരസംക്രമപൂജ രാത്രി 7.52ന് നടക്കും.

വലിയ സുരക്ഷയിലാണ്  തിരുവാഭരണ ഘോഷയാത്രയ്ക്ക് സന്നിധാനത്തേക്ക് എത്തുന്നത്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 13നും 14നും ജില്ലയിലെ നിരത്തുകളില്‍ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതും, ടിപ്പര്‍ ലോറികള്‍ സഞ്ചാരം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. പമ്പ കെ.എസ്.ആര്‍.ടി.സിയിലെ ഗതാഗത നിയന്ത്രണത്തിന്റെ മേല്‍നോട്ടത്തിനായി പത്തനംതിട്ട എല്‍.എ (ജനറല്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍) ടി.ജി ഗോപകുമാറിനെ നിയോഗിച്ചു. മകരജ്യോതി ദര്‍ശിക്കുന്ന അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കോളനി, നെല്ലിമല, അയ്യന്‍മല, പഞ്ഞിപ്പാറ, ഇലവുങ്കല്‍, അട്ടത്തോട് പടിഞ്ഞാറേക്കര എന്നീ വ്യൂ പോയിന്റുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വിശദമായ സുരക്ഷാപരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യൂ പോയിന്റുകളില്‍ ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ്, അസ്‌കാ ലൈറ്റ്, എന്നിവയും അയ്യപ്പസേവാസംഘം വോളന്റിയര്‍മാരെയും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മകരവിളക്ക് വ്യൂപോയിന്റുകളിലും ഉച്ചഭാഷിണികള്‍ ഏര്‍പ്പെടുത്തി.

എല്ലാ വ്യൂപോയിന്റുകളിലും ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസ്, ആരോഗ്യം, ഫയര്‍, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ചു. മകരവിളക്ക് വ്യൂ പോയിന്റുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമേ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് വില്ലേജ് ഓഫീസ് ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ റവന്യൂ കാര്യാലയങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ആറ് താലൂക്കുകളിലും ഡെപ്യൂട്ടി കളക്ടര്‍ തസ്തികയിലുള്ള ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എക്സൈസ് വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

തിരുവാഭരണപാത കടന്ന് പോകുന്ന സ്ഥലങ്ങളിലും എല്ലാ റോഡുകളിലും വൈദ്യുതിവിളക്കുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം എന്നിവ ക്രമീകരിച്ചു. കാനനപാതകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ ഗാര്‍ഡുകളെ നിയോഗിച്ചു. എല്ലാ മകരജ്യോതി വ്യൂ പോയിന്റുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ചാര്‍ജ് ഓഫീസര്‍മാരെ ജനുവരി 13 ന് രാവിലെ ഒന്‍പത് മുതല്‍ ജനുവരി 15 ന് വൈകിട്ട് ആറ് വരെ നിയോഗിച്ചു. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പമ്പ ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി പരിശോധന നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹില്‍ടോപ്പിലെ പാര്‍ക്കിംഗും മകരജ്യോതി ദര്‍ശിക്കുവാനായി തീര്‍ത്ഥാടകര്‍ കയറുന്നതും പൂര്‍ണമായും നിരോധിച്ചു.

പമ്പ ത്രിവേണി സ്നാനസരസിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ജനുവരി 10 മുതല്‍ 19 വരെ 25,000 മീറ്റര്‍ ക്യൂബ് ജലം തുറന്ന് വിടുന്നതിന് അനുമതി നല്‍കി. ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിലേക്കായി മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി തീര്‍ത്ഥാടകരുടെ പക്കല്‍ നിന്നും പ്ലാസ്റ്റിക് സഞ്ചികള്‍ വാങ്ങി പകരം കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്ത് വരുകയാണ്. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമലയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ആംബുലന്‍സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മൂഴിയാര്‍ , കൊച്ചുപമ്പ എന്നിവിടങ്ങളില്‍ അടിയന്തരഘട്ട ആശയവിനിമയം നടത്തുന്നതിലേക്കായി ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മകരവിളക്ക് ഉത്സവത്തിന് ശേഷം തീര്‍ത്ഥാടകരെ വടം കെട്ടി ഘട്ടം ഘട്ടമായി മാത്രമേ മടങ്ങുവാന്‍ അനുവദിക്കുകയുള്ളു. കെ.എസ്.ആര്‍.ടി.സി ബസിന്റെ മുകളില്‍ തീര്‍ത്ഥാടകര്‍ മടക്കയാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ബസുകളുടെ പിറക് വശത്തേയും മുകളിലേയും ഗ്രില്ലുകള്‍ നീക്കം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടകര്‍ വാഹനത്തിന്റെ അരികില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്നാനകടവുകളിലും ആവശ്യമായ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും മറ്റും ക്രമീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. അടിയന്തിരഘട്ടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ബന്ധപ്പെടുന്നതിന് വിവിധ വകുപ്പുകളുടെ ഫോണ്‍ നമ്പറും സ്വീകരിക്കേണ്ട തുടര്‍നടപടികളും സംബന്ധിച്ച കൈപ്പുസ്തകം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.

 

ശബരിമല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ അറിയിച്ചു. പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ 13 ന് വൈകിട്ട് നാല് മുതല്‍ ളാഹയില്‍ തീര്‍ഥാടകരെ ഇറക്കണം. തീര്‍ഥാടകര്‍ അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്പയിലേക്ക് പോകണം. തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ളാഹ മഞ്ഞത്തോട് റോഡ്, ളാഹ ക്ഷേത്രത്തിന് പുറകില്‍ കൂടിയുള്ള റോഡ്, ളാഹ എസ്‌റ്റേറ്റ് -ബംഗ്ലാവ് റോഡ്, പുതുക്കട- ഇളയ തമ്പുരാട്ടിക്കാവ് റോഡ്, ളാഹയിലും പരിസരത്തുമായി റോഡ് ഗതാഗതം തടസപ്പെടാത്ത വിധം പാര്‍ക്ക് ചെയ്യണം. ഈ സ്ഥലത്തെ പാര്‍ക്കിംഗ് നിറഞ്ഞതിന് ശേഷം വരുന്ന വാഹനങ്ങളിലെ തീര്‍ഥാടകര്‍ പെരുനാട്ടില്‍ ഇറങ്ങണം. അവിടെ ക്രമീകരിച്ചിട്ടുള്ള കെ.എസ്. ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് പോകണം. തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ പുതുക്കട-ചിറ്റാര്‍ റോഡ്, പുതുക്കട-കണ്ണനുമണ്‍ റോഡ്, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ട്, മടത്തുംമൂഴി-കണ്ണനുമണ്‍ റോഡില്‍ നെടുമണ്‍ വരെയുള്ള റോഡ് സൈഡുകളില്‍ ഗതാഗത തടസം ഉണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യണം. ഈ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് നിറഞ്ഞതിന് ശേഷം തുടര്‍ന്നും വാഹനങ്ങള്‍ എത്തുന്ന പക്ഷം തീര്‍ഥാടകരെ വടശേരിക്കരയില്‍ ഇറക്കണം. തീര്‍ഥാടകര്‍ അവിടെ ക്രമീകരിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ബസുകളില്‍ പമ്പയിലേക്ക് പോകണം. ഈ വാഹനങ്ങള്‍ സീതത്തോട് സ്‌കൂള്‍ ഗ്രൗണ്ട്, സീതത്തോട്- അള്ളുങ്കല്‍ റോഡ്, ആങ്ങമൂഴി സ്‌കൂള്‍ ഗ്രൗണ്ട് , ആങ്ങമൂഴി-ചിറ്റാര്‍ റൂട്ടില്‍ സീതത്തോട് വരെയുള്ള റോഡ് സൈഡ്, ആങ്ങമൂഴി -കോട്ടമണ്‍പാറ റോഡ്, ആങ്ങമൂഴി-ഗവി റൂട്ടില്‍ റോഡ് സൈഡ്, പാലത്തടിയാല്‍ മുതല്‍ മൂഴിയാര്‍ ജംഗ്ഷന്‍ വരെയുള്ള റോഡ് സൈഡിലുമായും ലഭ്യമായ ഇടത്താവളങ്ങളിലും പാര്‍ക്ക് ചെയ്യണം.

3 ന് വൈകിട്ട് നാല് മുതല്‍ എരുമേലിയില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങല്‍ നിലയ്ക്കലിലേക്ക് കടത്തി വിടുന്നത് ഒഴിവാക്കി എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്നും തീര്‍ഥാടകര്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പമ്പയിലേക്ക് പോകണം. എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ നിറയുന്ന മുറയ്ക്ക് പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും റോഡിന്റെ ഇടത് വശത്തും പാര്‍ക്ക് ചെയ്തതിന് ശേഷം പൊന്‍കുന്നത്ത് നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എരുമേലി-നിലയ്ക്കല്‍ വഴി പമ്പയ്ക്ക് പോകണം. ഇടുക്കി ജില്ലയില്‍ നിന്നും മുണ്ടക്കയം വഴി നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍, ഇവിടെ ലഭ്യമായ ഇടത്താവളങ്ങള്‍ ഉള്‍പ്പെടെ അനുയോജ്യമായ സ്ഥലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം പാര്‍ക്ക് ചെയ്യണം.
മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നും നിലയ്ക്കലിലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടതും സ്വകാര്യ വാഹനങ്ങള്‍ ഓടിക്കുവാന്‍ പാടില്ലാത്തതുമാണ്. മകരജ്യോതിക്ക് ശേഷം പൊലീസിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഈ സ്ഥലങ്ങളില്‍ നിന്നും നിലയ്ക്കലിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിക്കുവാനും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുവാനും പാടുള്ളുവെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Top