നിരപരാധിത്വം തെളിയിക്കാന്‍ തയ്യാര്‍, റഫാലില്‍ വാര്‍ത്താസമ്മേളനമെങ്കിലും നേരിടാന്‍ ധൈര്യമുണ്ടോ?; പ്രധാനമന്ത്രിയോട് ഉമര്‍ ഖാലിദ്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ആരാഞ്ഞ് ഉമര്‍ ഖാലിദ്. കേസില്‍ കോടതി വിചാരണ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും റഫാല്‍ ഇടപാടില്‍ ജെപിസി അന്വേഷണം പോയിട്ട് വാര്‍ത്താസമ്മേളനം എങ്കിലും നടത്താന്‍ തയ്യാറാണോയെന്നും ഉമര്‍ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഉമറിന്റെ പ്രതികരണം.
റഫാല്‍ വിവാദത്തില്‍ പ്രതികരണത്തിന് തയ്യാറാകാത്ത മോദിയെ പരിഹസിച്ചുകൊണ്ടാണ് ഉമറിന്റെ പോസ്റ്റ്. തങ്ങള്‍ക്കെതിരെയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി അറിഞ്ഞുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തുടക്കത്തില്‍ ഉമര്‍ പറയുന്നു. കേസില്‍ കോടതി നടപടികള്‍ നേരിടാനും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും തയ്യാറാണ്. പക്ഷേ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ജെപിസി അന്വേഷണത്തിന് താങ്കള്‍ തയ്യാറാകണം. വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തെ നേരിടാനെങ്കിലും പ്രധാനമന്ത്രി തയ്യാറാകണമെന്നും ഉമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാജ്യം അതറിയാന്‍ കാത്തിരിക്കുകയാണെന്നും ഉമര്‍ പറഞ്ഞു.
ഉമര്‍ ഖാലിദ്, കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ ഉള്‍പ്പെടെ പത്തു പേര്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി ഇന്നലെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി ഒന്‍പതിന് ജെഎന്‍യുവില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മര ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 1200 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ 36 വിദ്യാര്‍ത്ഥികളുടെ പേര് കൂടി പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19 ന് കോടതി കുറ്റപത്രം പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here