Advertisement

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയാം (16-01-2019)

January 16, 2019
Google News 4 minutes Read

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ (16-01-2019)

– തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പുനരധിവാസ പദ്ധതി

2014-15-ല്‍ പുതിയ അബ്കാരി നയം നടപ്പാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുനരധിവാസത്തിനുളള കരട് പദ്ധതി അംഗീകരിച്ചു. ‘സുരക്ഷാ സ്വയം തൊഴില്‍ പദ്ധതി’ എന്ന പേരിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ പദ്ധതിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് 2.5 ലക്ഷം രൂപ ടേം ലോണായും അര ലക്ഷം രൂപ ഗ്രാന്‍റ്/സബ്സിഡി ആയും അനുവദിക്കുന്നതാണ്. ഈ വായ്പയ്ക്ക് നാലു ശതമാനമാണ് പലിശ. അഞ്ചു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. സ്വയം തൊഴില്‍ പദ്ധതി നടത്തുന്നതിന് ആവശ്യമായ പരിശീലനം വ്യവസായ പരിശീലന വകുപ്പ് നല്‍കും.

– 2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ജില്ലാ ആസ്ഥാനങ്ങളില്‍ താഴെ പറയുന്ന മന്ത്രിമാരും പങ്കെടുക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

കൊല്ലം –  ജെ മേഴ്സിക്കുട്ടിയമ്മ
പത്തനംതിട്ട – കടകംപള്ളി സുരേന്ദ്രന്‍
ആലപ്പുഴ – ജി. സുധാകരന്‍
കോട്ടയം – കെ. കൃഷ്ണന്‍കുട്ടി
ഇടുക്കി – എം.എം. മണി
എറണാകുളം – എ.സി. മൊയ്തീന്‍
തൃശ്ശൂര്‍ – വി.എസ്. സുനില്‍കുമാര്‍
പാലക്കാട് – എ.കെ. ബാലന്‍
മലപ്പുറം – കെ.ടി. ജലീല്‍
കോഴിക്കോട് – എ.കെ. ശശീന്ദ്രന്‍
വയനാട് – രാമചന്ദ്രന്‍ കടന്നപ്പള്ളി
കണ്ണൂര്‍ – ഇ.പി. ജയരാജന്‍
കാസര്‍ഗോഡ് – ഇ. ചന്ദ്രശേഖരന്‍

– കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദുവിന്‍റെ കാലാവധി അന്യത്രസേവന വ്യവസ്ഥയില്‍ 05-10-2018 മുതല്‍ ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

– കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ ജോയിന്‍റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഒരു ഫിനാന്‍സ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാനും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്താനും തീരുമാനിച്ചു.

– സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളില്‍ ലക്ചറര്‍ 83 (2017-18ല്‍ 16, 2018-19ല്‍ 67), ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ് 2018-19ല്‍ ഒന്നും  കരാര്‍ വ്യവസ്ഥയില്‍ ഫാക്കല്‍റ്റി 67 (2017-18ല്‍ 36, 2018-19-ല്‍ 31) എന്നിങ്ങനെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

– അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകനും തോപ്പില്‍ ഭാസിയുടെ മകനുമായ അജയകുമാറിന്‍റെ അർബുദചികിത്സയ്ക്ക് ചെലവായ തുക ഒരു പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു.

– കേരള സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചു വരുന്ന അഖിലേന്ത്യാ സര്‍വ്വീസ് ഓഫീസേഴ്സ് അലവന്‍സ് ധനവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2017 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടു കൂടി പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here