സംഗീത സംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസായിരുന്നു. വിടവാങ്ങിയത് ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ സംഗീത പ്രതിഭ.

രാവിലെ 11 മണിക്ക് ചെന്നൈയിലുള്ള നീലാങ്കരയിലെ വസതിയിലായിരുന്നു അന്ത്യം. അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. 1989 ല്‍ റാംജീറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് എസ്.ബാലകൃഷ്ണന്‍ എന്ന സംഗീത പ്രതിഭയെ മലയാളി പരിചയപ്പെടുന്നത്. ആദ്യ സിനിമയിലെ നാല് ഗാനങ്ങളും ഏറെ ജനപ്രീതി നേടി.

റാംജിറാവുവിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ അടുത്ത മൂന്ന് സിനിമകളിലെയും സംഗീത സംവിധാനം നിര്‍വഹിച്ചത് ബാലകൃഷ്ണനായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളുടെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് എസ്.ബാലകൃഷ്ണന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളായിരുന്നു. പതിനാറോളം സിനിമകള്‍ക്ക് മാത്രമാണ് സംഗീതം നിര്‍വഹിച്ചതെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ മികച്ച സംഗീത സംവിധായകരുടെ പട്ടികയിലാണ് ബാലകൃഷ്ണന്റെ ഇടം.

2011 ല്‍ പുറത്തിറങ്ങിയ സംഗീത പ്രാധാന്യമുള്ള മുഹബത്ത് എന്ന സിനിമക്ക് വേണ്ടിയായിരുന്നു അവസാനമായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. രാജലക്ഷ്മിയാണ് ഭാര്യ. ശ്രീവത്സന്‍, വിമല്‍ശങ്കര്‍ എന്നിവര്‍ മക്കളാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top