ശബരിമല വസ്തുത റിപ്പോര്‍ട്ട്: കൈയൊഴിഞ്ഞ് ദേവസ്വം ബോര്‍ഡ്; ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് എ പത്മകുമാര്‍

a padmakumar

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലപ്പോള്‍ ശരിയായിരിക്കാം. റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെപ്തംബര്‍ 28 ലെ സുപ്രീംകോടതി വിധിക്ക് ശേഷമുള്ള കാര്യങ്ങള്‍ തങ്ങള്‍ നോക്കാറില്ല. ശബരിമലയില്‍ കയറി സ്ത്രീകളുടെ കണക്കെടുക്കാന്‍ ദേവസ്വം ബോര്‍ഡ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി അറിയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കണമെന്നും പത്മകുമാര്‍ പ്രതികരിച്ചു. അതേസമയം, സര്‍ക്കാര്‍ നല്‍കിയ കണക്ക് ശരിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് ഇന്നലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദുവും കനക ദുര്‍ഗയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് യുവതി പ്രവേശനം സംബന്ധിച്ച വസ്തുത റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തവരുടെ പേരുകള്‍ അടങ്ങിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിരുന്നില്ല. അതിനിടെ അന്‍പത് വയസിന് മുകളിലുള്ളവര്‍ പട്ടികയില്‍ ഉല്‍പ്പെട്ടതായി ആക്ഷേപം ഉണ്ടായിരുന്നു. ആരു പുരുഷനും പട്ടികയില്‍ ഇടംപിടിച്ചിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top