Advertisement

‘ദീപാവലിയോട് അനുബന്ധിച്ച് അഞ്ച് ദിവസം കാട്ടിലേക്ക് പോകുമായിരുന്നു’; ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തിയ മോദി ചെയ്തത്

January 22, 2019
8 minutes Read
Modi Interview

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാലയ വാസത്തെ കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാം വായിച്ചത്. പോയ കാലത്ത് മോദി എന്തെല്ലാം ആയിരുന്നു, എങ്ങനെയെല്ലാം ആയിരുന്നു എന്ന് പലരും അറിയുന്നത് തന്നെ അപ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്യൂമന്‍സ് ഓഫ് ബോംബെ പേജ് നടത്തിയ ദീര്‍ഘസംഭാഷണത്തിലാണ് മോദിയുടെ കഴിഞ്ഞുപോയ കാലഘട്ടത്തെ കുറിച്ച് നാം അറിഞ്ഞത്. താന്‍ കൗമാര കാലത്ത് നടത്തിയ ഹിമാലയന്‍ യാത്രയെ കുറിച്ച് മോദി ഈ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തിയ മോദി പിന്നീട് എന്ത് ചെയ്തു എന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയായി. ഇതാ ഇപ്പോള്‍ സംഭാഷണത്തിന്റെ പുതിയ ഭാഗം പുറത്തുവിട്ടിരിക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ.

ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തിയ ശേഷം താന്‍ ചെയ്ത കാര്യങ്ങളാണ് മോദി ഈ ഭാഗത്ത് വിവരിക്കുന്നത്. ഹിമാലയത്തില്‍ നിന്ന് താന്‍ തിരിച്ചെത്തിയത് ഉത്തമ ബോധ്യങ്ങളോടെയാണെന്ന് മോദി പറയുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന ബോധ്യമായിരുന്നു അത്. തിരിച്ചെത്തി ഏതാനും നാളുകള്‍ക്ക് ശേഷം അഹമ്മദാബാദിലേക്ക് പോയതായും മോദി പറയുന്നു.

Read Also: ‘ആത്മാന്വേഷിയായിരുന്നു, പുലര്‍ച്ചെ മൂന്നിന് ഉണരും’; ഹിമാലയ ജീവിതത്തെ കുറിച്ച് മോദി

തുടര്‍ന്നുള്ള ഭാഗങ്ങളില്‍ മോദി പറയുന്നത് ഇങ്ങനെ:

“ഒരു വലിയ നഗരത്തിലേക്ക് ഞാന്‍ എത്തുന്നത് ആദ്യമായിട്ടാണ്. ജീവിതത്തില്‍ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നു. അവിടെ പലപ്പോഴായി അമ്മാവന്റെ ചായക്കടയില്‍ അദ്ദേഹത്തെ സഹായിച്ച് കൂടെ നിന്നു. ക്രമേണ ഞാന്‍ ഒരു മുഴുവന്‍ സമയ ആര്‍.എസ്.എസ് പ്രചാരക് ആയി മാറി. അവിടെയെനിക്ക് ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർക്കൊപ്പം ജീവിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞു. ആർ‌എസ്എസ് ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ചെയ്ത് ജീവിച്ചു. തിരക്കേറിയതും കാർക്കശ്യമുള്ളതുമായ ജീവിതശൈലിയിലേക്കെത്തി.

ഇതിനെല്ലാമിടയിലും ഹിമാലയത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ പാഴാകാതിരിക്കാൻ ഞാൻ തീരുമാനമെടുത്തിരുന്നു. അവിടെ നിന്ന് ഞാൻ നേടിയ മാനസിക സ്വാസ്ഥ്യത്തെ ഇല്ലാതാക്കുന്നതാകരുത് യാതൊന്നുമെന്ന് തീരുമാനിച്ചു. എല്ലാ വർഷവും കുറച്ചുനേരം ഉള്ളിലേക്ക് നോക്കുവാൻ‌ സമയം കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചു. ജീവിതത്തിന്റെ സംതുലനം സാധ്യമാക്കുന്നതിനുള്ള എന്റെ രീതിയായിരുന്നു അത്. 

അധികമാര്‍ക്കും അറിയാത്ത മറ്റൊരു കാര്യമുണ്ട്. ദീപാവലിയുടെ സമയത്ത് അഞ്ച് ദിവസം ഞാന്‍ കാട്ടിലേക്ക് പോകുമായിരുന്നു. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റർനെറ്റും ടിവിയും ഇല്ല. അന്നത്തെ ഏകാന്തധ്യാനങ്ങളിൽ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. പലരും എന്നോട് ചോദിക്കും: “നിങ്ങൾ ആരെക്കാണാനാണ് പോകുന്നത്?” ഞാൻ പറയും: “‘मैं मुझसे मिलने जा रहा हूं।’”

Read Also: മോഡിയുടെ ‘ഹിമാലയ ജീവിതം’ ഏറ്റെടുത്ത് ട്രോളന്മാര്‍

ഇക്കാരണങ്ങളാലാണ് ഞാനെന്റെ യുവ സുഹൃത്തുക്കളോട് പറയാറുള്ളത്, തിരക്കേറിയ ജീവിതത്തിനിടയിൽ ഒരൽപം ഇടവേളയെടുക്കൂ. വിചാരങ്ങളിലേർപ്പെടൂ. അകത്തേക്ക് നോക്കൂ. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിത്തീർക്കും.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top