നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. 31നാണ് സംസ്ഥാന ബജറ്റ്. ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങൾ ഉള്ളതിനാൽ ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും.
പ്രളയാനന്തര കേരളത്തിലെ ആദ്യനയപ്രഖ്യാപനവും ബജറ്റുമാണ് ഇത്തവണ. തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റാണ് 31 ന് അവതരിപ്പിക്കുന്നത്. നയപ്രഖ്യാപനത്തിലും ബജറ്റിലും കേരള പുനർ നിർമാണമാകും നിറഞ്ഞു നിൽക്കുക. കേന്ദ്ര ബജറ്റിനു ഒരു ദിവസം മുൻപേയാണ് ഇത്തവണ സംസ്ഥാന ബജറ്റ്. ധനാഭ്യർഥന പാസാക്കി ഫെബ്രുവരി ഏഴിന് സഭ പിരിയും. പിന്നാലെ കേരള രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചൂടിലേക്കു കടക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപ് സഭാതലത്തിൽ ഭരണപ്രതിപക്ഷ നേതാക്കൾക്ക് മുഖാമുഖം നിന്ന് മുന്നണികൾക്കു വേണ്ടി വാദിക്കാൻ ലഭിക്കുന്ന അവസരമാണ് ബജറ്റ് സമ്മേളനം.
നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ഭരണപക്ഷവും വിമർശിക്കാൻ പ്രതിപക്ഷവും മത്സരിക്കും. ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷമുള്ള ആദ്യ സഭാ സമ്മേളനം എന്ന പ്രത്യേകത കൂടി പതിന്നാലാം കേരള നിയമസഭയുടെ പതിന്നാലാം സമ്മേളനത്തിനുണ്ട്. സർക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധവും സ്ത്രീ പ്രവേശനം തന്നെയാകും. സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണ് സ്ത്രീ പ്രവേശനമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കും. പ്രളയ പുനർ നിർമാണ പ്രവർത്തനങ്ങളിലെ വീഴ്ചയും പ്രതിപക്ഷം ഉയർത്തിക്കാട്ടും. വനിതാ മതിലിന്റെ വിജയവും നവോത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയും അനുകൂലമാക്കാനാണ് സർക്കാർ ശ്രമം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here