മലയാളികളുടെ സ്വന്തം പപ്പേട്ടന്‍

‘ന്യൂജനറേഷന്‍’ എന്ന് മലയാള സിനിമ പതിവായി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളെ ആയിട്ടുള്ളൂ. പതിവിലും വിപരീതമായി, നിലനിന്നു പോന്നിരുന്ന വ്യവസ്ഥകളെ വെല്ലുവിളിച്ച് പുതിയ ആഖ്യാന ശൈലി രൂപപ്പെടുത്തിയെടുക്കുന്നവരെ ‘ന്യൂജനറേഷന്‍’ എന്ന ചെല്ലപ്പേര് നല്‍കി മലയാളി അഭിസംബോധന ചെയ്തു. എന്നാല്‍, മലയാള സിനിമയില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രതിഭ ഓര്‍മ്മയായിട്ട് തന്നെ 28 വര്‍ഷമായി.

പത്മരാജന്‍ തുടങ്ങിവച്ച വിപ്ലവമാണ് പിന്നീട് വന്ന പല എഴുത്തുക്കാര്‍ക്കും സംവിധായകര്‍ക്കും പതിവിലും വിപരീതമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കരുത്ത് നല്‍കിയത്. ‘നായകനും നായികയും അവര്‍ക്കിടയില്‍ വന്നുപോകുന്ന ചില കഥാപാത്രങ്ങളും’ എന്ന സിനിമാ സംസ്‌കാരത്തില്‍ നിന്ന് വേറിട്ട് സഞ്ചരിക്കാന്‍ ആഗ്രഹിച്ചായിരുന്നു പത്മരാജന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീടങ്ങോട്ട് ഓരോ സിനിമയിലും പത്മരാജന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. കണ്ടുമടുത്ത റീലുകളില്‍ നിന്ന് വ്യത്യസ്തമായി സിനിമ എന്ന കലാരൂപത്തെ പൂര്‍ണ്ണമായി പൊളിച്ചെഴുതണം എന്ന നിര്‍ബന്ധക്കാരനായിരുന്നു മലയാളികളുടെ സ്വന്തം പപ്പേട്ടന്‍.

കള്ളന്‍ പവിത്രന്‍, പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, മൂന്നാം പക്കം, നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ സ്രഷ്ടാവായിരുന്നു പത്മരാജന്‍. അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയിലെ ഗന്ധര്‍വന്‍. മനുഷ്യ മനസ്സിന്റെ ഭാവ വൈവിധ്യത്തെ അനാവരണം ചെയ്ത ഒട്ടേറെ കൃതികളുടെ കര്‍ത്താവ്. സിനിമയുടെ രാസപ്രക്രിയ അറിയുന്ന തിരക്കഥാകൃത്ത്. കൈവെച്ച മേഖലകളിലെല്ലാം അനശ്വര സൃഷ്ടികള്‍ വിരിയിച്ചെടുത്ത പ്രതിഭയായിരുന്നു പത്മരാജന്‍.

‘കള്ളന്‍ പവിത്രന്‍’, ഒരിടത്തൊരു ഫയല്‍വാന്‍’, ‘നവംബറിന്റെ നഷ്ടം’, ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍’, ‘നൊമ്പരത്തിപ്പൂവ്’, ‘തൂവാനത്തുമ്പികള്‍’, ‘തിങ്കളാഴ്ച നല്ല ദിവസം’, ‘അപരന്‍’, ‘മൂന്നാം പക്കം’, ‘ഇന്നലെ’, ‘ഞാന്‍ ഗന്ധര്‍വന്‍’ തുടങ്ങിയ ചിത്രങ്ങള്‍ പത്മരാജനിലെ സംവിധായകന്റെ പ്രതിഭ തെളിയിച്ച ചിത്രങ്ങളായിരുന്നു.

‘രതിനിര്‍വേദം’ ഭരതനുവേണ്ടി പത്മരാജന് എഴുതിയ തിരക്കഥയായിരുന്നു. ‘ശാലിനി എന്റെ കൂട്ടുകാരി’, ‘തകര’, ‘വാടകയ്ക്ക് ഒരു ഹൃദയം’, ‘സത്രത്തില്‍ ഒരു രാത്രി’, ‘രാപ്പാടികളുടെ ഗാഥ’ തുടങ്ങി പത്മരാജന്റെ തിരക്കഥയുടെ ശക്തി കൊണ്ടുകൂടി ജനമനസ്സുകളില്‍ അനശ്വരമായ സിനിമകളായിരുന്നു. സ്വന്തം സിനിമകളില്‍ മികച്ച പാട്ടുകള്‍ ഒരുക്കണമെന്നത് പത്മരാജന് നിര്‍ബന്ധമായിരുന്നു.

കടന്നുപോയി 28 വര്‍ഷങ്ങള്‍ക്കിപ്പുറവും കാലത്തെ അതിജീവിച്ച് മലയാളിയുടെ ഓര്‍മകളില്‍ കൂടുകൂട്ടിയ ചലച്ചിത്രകാരനും തിരക്കഥാകൃത്തും സാഹിത്യകാരനുമാണ് ഋതുഭേദങ്ങളുടെ പാരിതോഷികം മലയാളികള്‍ക്ക് സമ്മാനിച്ച പത്മരാജന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top