രണ്ടാംഘട്ട ദേശീപാത വികസനം; ഇടപ്പള്ളി മുതൽ മൂത്തംകുന്നം വരെയുള്ള പ്രദേശത്തെ സംയുക്ത സമരസമിതിയുടെ ആവശ്യങ്ങൾ തള്ളി എറണാകുളം ജില്ലാ ഭരണകൂടം

രണ്ടാംഘട്ട ദേശീയപാത വികസനത്തിൽ ഇടപ്പള്ളി മുതൽ മൂത്തംകുന്നം വരെയുള്ള പ്രദേശത്തെ സംയുക്ത സമരസമിതിയുടെ ആവശ്യങ്ങൾ തള്ളി എറണാകുളം ജില്ലാ ഭരണകൂടം. ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകും. സമരസമിതിയുടെ ആവശ്യങ്ങൾ അപ്രായോഗികമാണെന്നാണ് ജില്ലാഭരണകൂടത്തി ന്റെ വാദം. എന്നാല് സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
ദേശീയപാത 66 ന്റേ രണ്ടാംഘട്ട വികസനത്തിനെതിരെ സമരം നടത്തുന്ന സംയുക്ത സമരസമിതിയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് കളക്ടർ വിശദീകരണം നൽകിയത്. ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ ഉള്ള ദേശീയ പാതയിൽ എലവേറ്റഡ് ഹൈവേ നിർമ്മിക്കണം എന്ന ആവശ്യമായിരുന്നു നാട്ടുകാർ മുന്നോട്ടുവച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാഭരണകൂടം പറയുന്നു.
പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവും നടത്തേണ്ടതില്ല എന്നാണ് ഭരണ കൂടത്തിന്റെ വാദം. ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ടോൾ ഏർപ്പെടുത്തുമോയെന്ന സമരസമിതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഒരു സെന്റ് സ്ഥലത്തിനു നഗരപ്രദേശങ്ങളിൽ അഞ്ചു ലക്ഷം രൂപയും ഗ്രാമപ്രദേശങ്ങളിൽ ആറു ലക്ഷംരൂപയുമാണ് നഷ്ടപരിഹാര തുക കണക്കാക്കിയിരിക്കുന്നത്. 2013ലെ കേന്ദ്രനിയമം അനുസരിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.
ആദ്യം ഭൂമി ഏറ്റെടുത്ത് ഇടങ്ങളിൽ തന്നെ രണ്ടാമതും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമരവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here