സാമ്പത്തിക സംവരണത്തിന് സ്റ്റേയില്ല; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണത്തിന് സ്റ്റേയില്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്ച്ചക്കകം വിഷയത്തിൽ മറുപടി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. അതേസമയം ഭേദഗതിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുന്നതിന് വേണ്ടി പാർലമെന്റ് പാസാക്കിയ നൂറ്റി മൂന്നാം ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത് നാല് ഹർജികളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. ഈ നാല് ഹര്‍ജികളും ഇന്നാദ്യമായാണ് സുപ്രീംകോടതി ഒന്നിച്ച് പരിഗണിക്കുന്നത്. പാര്‍ലമെന്റ് ചര്‍ച്ചയിലൂടെ പാസാക്കിയ സംവരണ ബില്ലില്‍ അടിയന്തര സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് പറയാനുള്ളത് കേട്ട ശേഷം സ്റ്റേ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാം. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് വിശദമായ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടോ എന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
സംവരണത്തിന് സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡം ആക്കുന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഹർജികളിലെ വാദം. ഇതോടെ ഫെബ്രുവരി 1 മുതൽ സാമ്പത്തിക സംവരണം രാജ്യത്ത് നടപ്പിൽ വരാൻ തടസങ്ങൾ ഉണ്ടാകില്ല. ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടമുമ്പ് ഇടഞ്ഞ് നിൽക്കുന്ന മുന്നോക്ക സമുദായങ്ങളെ പ്രീതിപ്പെടുത്താൻ ആണ് കേന്ദ്ര സര്‍ക്കാര്‍ 10ശതമാനം സാമ്പത്തിക സംവരണം കൊണ്ട് വന്നത്. ഇതിന് വേണ്ടിയുള്ള ഭരണഘടന ഭേദഗതിയെ കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള ഭൂരിപക്ഷം പ്രതിപക്ഷ പാർട്ടികളും അനുകൂളിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here