Advertisement

പ്രധാനമന്ത്രിയാകാൻ കൊതിച്ചു; രാഷ്ട്രപതിയായി ഒതുങ്ങി

January 26, 2019
Google News 1 minute Read

രാഷ്ട്രപതിഭവനിൽ 2015 മാർച്ച് മാസത്തിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് പ്രണബ് മുഖർജിയുമായുള്ള കൂടിക്കാഴ്ച്ചയിൽ നേരിൽ ചോദിച്ചു, ‘രാഷ്ട്രപതി സ്ഥാനത്തിൽ താങ്കൾ സന്തോഷവാനാണോ ?’ തലയുയർത്തി നോക്കി ഒന്ന് പുഞ്ചരിച്ചു…പിന്നെ ഘനഗാംഭീര ശബ്ദത്തിൽ മറുപടി നൽകി, ‘രാഷ്ട്രീയം രാഷ്ട്രീയം തന്നെയാണ്…രാഷ്ട്രീയമെന്നാൽ അധികാരം, അതാണ് യഥാർത്ഥ അധികാരം,’ മറുപടിയോടൊപ്പം അർത്ഥംവെച്ചുള്ള ചിരിയും. പ്രധാനമന്ത്രി പദത്തെ കുറിച്ചുള്ള ചോദ്യത്തോട് മറുപടി പറഞ്ഞില്ല. ഒരു നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു.

അന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രസിഡന്റായിരുന്നു ലേഖകൻ. 25 സീനിയർ മാധ്യമപ്രവർത്തകർക്കൊപ്പം രാഷ്ട്രപതിയെ സന്ദർശിക്കുന്നതിനായി എത്തിയ ഞങ്ങൾക്ക് അദ്ദേഹം വിരുന്ന് സൽക്കാരം നടത്തി. രാഷ്ട്രപതിയോടൊപ്പം ഇരുന്ന് ഞങ്ങൾ ഫോട്ടോയെടുത്തു.

പ്രണബ് മുഖർജിയുടെ മറുപടിയെ കുറിച്ച് ഡൽഹി പ്രസ്‌ക്ലബിൽ അന്ന് നടന്ന ദേശീയ മാധ്യമ സെമിനാറിൽ ഞാൻ തുറന്നു പറഞ്ഞു. അന്ന് വേദിയിലുണ്ടായിരുന്ന എ കെ ആന്റണിയും, സീതാറാം യെച്ചൂരിയും, പി ജെ കുര്യനും, മുതിർന്ന മാധ്യമപ്രവർത്തകൻ ടി വി ആർ ഷേണായിയും ഇത് കേട്ട് ചിരിച്ചു. പ്രണബ് മുഖർജിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കുമ്പോൾ ഈ അപൂർവ്വ നിമിഷങ്ങൾ ഓർമ്മയിൽ വരുന്നു.

1984 ഒക്ടോബർ 31ന് സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി മൺമറഞ്ഞപ്പോൾ പ്രണബ് മുഖർജി പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നവരുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമ്പോൾ രാജീവ് ഗാന്ധിയും പ്രണബ് മുഖർജിയും കൊൽക്കത്തയിലായിരുന്നു.

ഡൽഹിയിലേക്കുള്ള തിരക്കിട്ട യാത്രയിൽ ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു. എ ഐ സി സി ജനറൽ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി പ്രണാബിനോട് ചോദിച്ചു,’ഇനി എന്തായിരിക്കണം നടപടി ക്രമം, ആരായിരിക്കണം പ്രധാനമന്ത്രി?’ ഏറ്റവും സീനിയറായ കോൺഗ്രസ് നേതാവ് എന്നായിരുന്നു പ്രണാബിന്റെ മറുപടി. ആ കസേരയ്ക്ക് യോഗ്യത തനിക്കാണെന്ന് വംഗ്യം. അതുണ്ടായില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത് ചരിത്രം.

രാജീവ് ഗാന്ധിയുടെ മരണശേഷം പിവി നരസിംഹ റാവുവും പിന്നീട് ഡോ. മൻമോഹൻ സിംഗും കോൺഗ്രസിന്റെ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. അന്ന് വിമാനത്തിലിരുന്ന് പ്രണബ് പറഞ്ഞ മറുപടി പിഴച്ചുവോ എന്നറിയില്ല, നെഹ്‌റു കുടുംബം അൽപ്പം ഭയ-ഭക്തി ബഹുമാനത്തോടെയാണ് പ്രണാബിനോട് പെരുമാറിയത്. ചാണക്യനായ പ്രണബ് പ്രധാനമന്ത്രിയായാൽ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്നും കോൺഗ്രസിലെ ഉപദേശക വൃന്ദം സോണിയ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടാവണം.

2012 ൽ വീണ്ടും പ്രണബ് പ്രധാനമന്ത്രി കസേരയുടെ അടുത്തെത്തിയതാണ്. ഡോ. മൻമോഹൻ സിംഗിനെ പ്രസിഡന്റാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കാമെന്ന് സോണിയാ ഗാന്ധി സൂചനയും നൽകി. പക്ഷേ വീണ്ടും പ്രധാനമന്ത്രി കസേരയുടെ നറുക്ക് വീണത് മൻമോഹന് തന്നെയാണ്. ഈ വാക്ക് നിറവേറ്റാൻ കഴിയാത്തതുകൊണ്ടാവണം പ്രണബ് മുഖർജിയെ രാഷ്ട്രപതിയാക്കിയത്.

ആർഎസ്എസിന്റെ ആസ്ഥാനത്ത് മുഖ്യാതിഥിയായി പോയ തികഞ്ഞ മതേതര വാദിയായ പ്രണബ് മുഖർജിക്ക് ചില കോണുകളിൽ നിന്ന് വിമർശനം ഏൽക്കേണ്ടി വന്നു. എന്നാൽ രാഷ്ട്രീയത്തിന് അതീതനാണ് താനെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ഒടുവിൽ എതിർപക്ഷത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് കാര്യാലയവും പ്രണബ് മുഖർജിയെ അംഗീകരിച്ചു.

ഇതിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുരാഷ്ട്രീയം ഉണ്ടോ എന്ന് അറിയില്ല. നെഹ്‌റു കുടുംബത്തിന് ഒരു മുന്നറിയിപ്പും ആവാം ഈ ഭാരതര്തന. പ്രണാബിന്റെ നാടായ ബംഗാളിലെ വോട്ട് ബാങ്കിലും ബിജെ പിക്ക് കണ്ണുണ്ടാകാം. മോദിയുടെ ചടുലമായ രാഷ്ട്രീയ നീക്കം കോൺഗ്രസിനെ അമ്പരിപ്പിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here