‘ ചൈത്ര വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗസ്ഥ; റെയ്ഡ് നടപടി ബോധപൂര്‍വം’: ആനാവൂര്‍ നാഗപ്പന്‍

സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. റെയ്ഡ് ബോധപൂര്‍വ നടപടിയാണ്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ താല്‍പര്യമുള്ള ആളാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനെ അപമാനിക്കാനുള്ള ശ്രമമാണ് നന്നത്. വ്യാഴാഴ്ച 11.45 നായിരുന്നു റെയ്ഡ് നടന്നത്. പാര്‍ട്ടി ഓഫീസുകളില്‍ പൊലീസ് കയറുന്ന പതിവില്ല. വലിയ സംഘര്‍ഷങ്ങളില്‍ പോലും ഇത്തരം നടപടി ഉണ്ടായിട്ടില്ല. നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടു മുന്‍പ് ഇത്തരത്തിലൊരു റെയ്ഡ് മനപൂര്‍വമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
ജില്ലാ ഓഫീസില്‍ പ്രതികളെ ഒളിപ്പിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. പ്രതികളെ ഒളിപ്പിച്ചോ എന്ന് സിസിടിവി പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്. ശബരിമല വിഷയത്തിന് ശേഷം ജില്ലാ ഓഫീസ് സദാ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
പോക്സോ കേസില്‍ പിടിയിലായ 2 സഹപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ലന്നാരോപിച്ച് അമ്പതോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബുധനാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതിലെ പ്രതികളെ തിരഞ്ഞാണ് ഡി സി പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം മേട്ടുക്കടയിലെ സി പി എം ജില്ലാ ഓഫീസില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ചൈത്രയോട് വിശദീകരണം തേടിയിരുന്നു. പിന്നാലെ ചൈത്രയെ ഡിസിപി ചുമതലയില്‍ നിന്നൊഴിവാക്കി വനിതാ സെല്ലിലേക്ക് മടക്കി അയക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here