സ്തന വളര്‍ച്ച തടയാന്‍ മാറില്‍ ചുട്ടകല്ല്; ആഫ്രിക്കയിലെ പ്രാകൃത രീതി ബ്രിട്ടനില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

കൗമാരക്കാരായ പെണ്‍കുട്ടികളുടെ സ്തന വളര്‍ച്ച തടയാന്‍ മാറില്‍ ചുട്ടകല്ല് വെയ്ക്കുന്ന പ്രാകൃത രീതി ബ്രിട്ടനില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആണ്‍നോട്ടം, ലൈംഗികാതിക്രമം തുടങ്ങിയവ തടയാന്‍ ആഫ്രിക്കയിലെ ചിലയിടങ്ങളില്‍ ഇത്തരത്തിലുള്ള പ്രാകൃത രീതി നടത്തിവരുന്നുണ്ട്. ബ്രിട്ടനിലേക്ക് ഇത് വ്യാപിക്കുന്നതായാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് തുടങ്ങിയ ഇടങ്ങളില്‍ ‘ബ്രെസ്റ്റ് അയണിംഗ്’ നടക്കുന്നതായാണ് വാര്‍ത്തയില്‍ പറയുന്നത്. സന്നദ്ധ സംഘടനകളാണ് ഇത് സംബന്ധിച്ച വിവരം കൈമാറിയത്. സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ ഇത്തരത്തില്‍ 15-20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് ഒരു സന്നദ്ധ പ്രവര്‍ത്തക ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തിയത്. മറ്റിടങ്ങളിലേക്കും ഇത്തരത്തിലുള്ള പ്രാകൃത രീതി വ്യാപിക്കുന്നുവെന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അഞ്ച് പ്രാകൃത രീതികളുടെ കൂട്ടത്തിലാണ് ബ്രെസ്റ്റ് അയണിംഗ് എന്നാണ് ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നത്.
ആഫ്രിക്കയില്‍ കൗമാരപ്രായമെത്തിയ പെണ്‍കുട്ടികളുടെ അമ്മമാരും മുത്തശ്ശിമാരുമാണ് ഇത്തരത്തില്‍ ബ്രെസ്റ്റ് അയണിംഗ് നടത്തുന്നത്. സ്തന വളര്‍ച്ച തടയാന്‍ ചൂടാക്കിയ കല്ല് മാറിടത്തില്‍വെച്ച് മസാജ് ചെയ്യുന്നതാണ് രീതി. ആഴ്ചയില്‍ ഒന്നോ, രണ്ടാഴ്ച കൂടുമ്പോഴോ ഇത്തരത്തില്‍ ബ്രെസ്റ്റ് അയണിംഗ് നടത്തും. ഇങ്ങനെ ചെയ്താല്‍ സ്തന വളര്‍ച്ച കുറയുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇതിനെ കാണുന്നത് ബാലപീഡനമായാണ്. മുലയൂട്ടല്‍, സ്തനത്തില്‍ കാന്‍സര്‍, പെണ്‍കുട്ടിയുടെ മാനസിക നിലയെ ഉള്‍പ്പെടെ ഇത്തരത്തിലുള്ള പ്രവൃത്തി ദോഷമായി ബാധിക്കും. ഇത് തടയാന്‍ ആഫ്രിക്കയില്‍ പ്രത്യേക നടപടികളൊന്നും ബന്ധപ്പെട്ട അദികൃതര്‍ സ്വീകരിക്കുന്നില്ലെന്നാണ് വിവരം.
യുകെയില്‍ മാത്രം ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയണിംഗിന് വിധേയരായതായി ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശി ലെയ്‌ല ഹുസൈന്‍ പറയുന്നു. ഇതിന് വിധേയരായവര്‍ എല്ലാവരും ബ്രിട്ടീഷ് പൗരത്വമുള്ള പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ മാറിടം വളര്‍ച്ച മുരടിച്ച അവസ്ഥയിലാണെന്നും ലെയ്‌ല വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here