ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ധാരണ ചർച്ചകൾക്കായി മഹാരാഷ്ട്രയിൽ ശിവസേന എംപിമ്മാരുടെ യോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് ധാരണ ചർച്ചകൾക്കായി മഹാരാഷ്ട്രയിൽ ശിവസേന എം പിമ്മാരുടെ യോഗം ഇന്ന് ചേരും. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് വിളിച്ച് ചേർത്തിട്ടുണ്ട്. വിലപേശലിലൂടെ പരമാവധി സീറ്റുകളിൽ മത്സരിത്തിനിറങ്ങാനുള്ള തന്ത്രമാണ് ശിവസേന മഹാരാഷ്ട്രയിൽ പയറ്റുന്നത്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 24 ൽ 23 സീറ്റുകളിൽ ബി ജെ പിയും ഇരുപതിൽ 18 സീറ്റുകളിൽ ശിവസേനയും വിജയിച്ചിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ സീറ്റ് ധാരണയുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. മഹാരാഷ്ട്രയിൽ സഖ്യം സർക്കാർ രൂപികരിച്ചപ്പോൾ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് കാട്ടി ശിവസേന അന്ന് മുതലെ ഇടഞ്ഞ് നിൽക്കുകയാണ്. പല ഘട്ടങ്ങളിലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ പാർട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്‌പോൾ വില പേശൽ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശിവസേന. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിച്ച് സഖ്യം വിടാനുള്ള സന്നദ്ധത സേന വ്യക്തമാക്കുകയും ചെയ്തു. ബിഹാറിൽ നിധീഷ് കുമാറിൻറെ ഐക്യ ജനതാദളിന് കൂടുതൽ സീറ്റ് നൽകിയത് പോലെ സീറ്റ് ധാരണ വേണമെന്നാണ് സേനയുടെ ആവശ്യം. സഖ്യമില്ലാതെ മത്സരിച്ചാൽ കോൺഗ്രസ് എൻ സി പി സഖ്യത്തിൽ നിന്ന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഖ്യ കക്ഷികൾ പിൻമാറിയതും ബി ജെ പിക്ക് തിരിച്ചടി ഉണ്ടാക്കിയ സാഹചര്യത്തിൽ ശ്രദ്ധയോടെയാണ് വിഷയത്തിൽ നേതാക്കൾ ഇടപെടുന്നത്. ഏത് വിധേനയും സഖ്യവുമായി മുന്നോട്ട് പോകാനുള്ള ചർച്ചകൾ ദേശീയ നേതാക്കൾ ഇടപെട്ട് നടത്തി വരികയാണ്. ബാൽതാക്കറെയുടെ സ്മാരകം നിർമ്മിക്കുന്നതിന് നൂറ് കോടി രൂപ അനുവദിച്ചത് സമവായ ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് സൂചന. സഖ്യ സാധ്യതകളിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് എം പിമ്മാരുടെ യോഗത്തിൽ ശിവസേന തീരുമാനമെടുത്തേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here