‘സൈമണ്‍ ബ്രിട്ടോയ്ക്ക് നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നു’; വിശദീകരണവുമായി ചികിത്സിച്ച ഡോക്ടര്‍

സൈമണ്‍ ബ്രിട്ടോയ്ക്ക് നേരത്തേ തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബ്രിട്ടോ മരിച്ചിരുന്നു. ആശുപത്രിയില്‍ നേരത്തേ എത്തിച്ചിരുന്നുവെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഭാര്യ സീന ഭാസ്‌ക്കര്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ വിശദീകരണം എത്തിയിരിക്കുന്നത്.
ഡിസംബര്‍ 31 നാണ് സൈമണ്‍ ബ്രിട്ടോ മരിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് സീന ട്വന്റി ഫോറിനോട് പ്രതികരിച്ചിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്നാണ് പറയുന്നത്. ഇത് തെറ്റായ വിവരമാണെന്ന് സീന പറഞ്ഞു. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നില്ല. ഹൃദ്രോഗമില്ലാത്ത ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്റായി എന്നറിയില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ വയസ് തെറ്റായാണ് നല്‍കിയിരിക്കുന്നതെന്നും സീന പറഞ്ഞു.
മരണത്തിന് തൊട്ടുമുന്‍പ് ബ്രിട്ടോയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും സീന വ്യക്തമാക്കി. എന്നാല്‍ വേണ്ട ചികിത്സ ലഭ്യമാക്കാന്‍ ഒപ്പമുണ്ടായിരുന്നവര്‍ തയ്യാറായില്ല. ഓക്‌സിജന്‍ ലഭ്യമാകുന്ന ആംബുലന്‍സ് വേണമെന്നാണ് ബ്രിട്ടോ അവസാന നിമിഷം പറഞ്ഞത്. എന്നാല്‍ അത് ലഭ്യമാക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ തയ്യാറായില്ല. അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും സീന കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here