പ്രാണന് വേണ്ടി മരങ്ങള്‍വെച്ചുപിടിപ്പിച്ച മനുഷ്യന്‍ അവസാന നിമിഷം ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച ആ അവസ്ഥ’

ഡിസംബര്‍ 31 ന് ലോകത്തോട് വിടപറഞ്ഞ സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഭാര്യ സീന ഭാസ്‌ക്കര്‍ രംഗത്തെത്തിയിരിക്കുകയാണ്. ശ്വാസ തടസം അനുഭവപ്പെട്ട്, അവസാന നിമിഷം ഓക്‌സിജന്‍ ലഭ്യമാകുന്ന ആംബുലന്‍സ് വേണമെന്നാണ് ബ്രിട്ടോ കൂടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടതെന്ന് സീന പറയുന്നു. എന്നാല്‍ അത് ലഭ്യമാക്കാന്‍ അവര്‍ തയ്യാറായില്ല. ലോകമെങ്ങുമുള്ള ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകണമെന്ന് ആഗ്രഹിച്ച മനുഷ്യന്‍ അവസാന നിമിഷം ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്ന അവസ്ഥ താങ്ങാവുന്നതിലും അപ്പുറമാണെന്ന് സീന പറഞ്ഞു.
ബ്രിട്ടോയുടെ എംഎല്‍എ ഫണ്ടില്‍ നിന്നും മരങ്ങള്‍വെച്ചുപിടിപ്പിക്കുന്നതിനായി പ്രത്യേകം പണം മാറ്റിവെച്ചിരുന്നു. ‘പ്രാണന് വേണ്ടി ഒരു മരം’ എന്ന ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് വര്‍ഷം അഞ്ച് ലക്ഷം മരങ്ങളാണ് വെച്ചുപിടിപ്പിച്ചത്. താന്‍ ഉള്‍പ്പെടെ മരങ്ങള്‍വെച്ചുപിടിപ്പിച്ചതാണ്. കൊച്ചി നഗരത്തില്‍ 100 ആല്‍മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. മഹാരാജാസ് കോളെജില്‍ നടട് മരം പിന്നീട് പ്രിന്‍സിപ്പല്‍ മുറിച്ചു മാറ്റിയിരുന്നു. ചങ്കുവെട്ടിമാറ്റിയ പോലെയുള്ള അനുഭമായിരുന്നു ആ സംഭവം. വൈറ്റില ഭാഗത്ത് ഓക്‌സിജന്‍ കുറവാണെന്ന് പറഞ്ഞ് ബ്രിട്ടോ അവിടെ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ആ മനുഷ്യനാണ് അവസാന നിമിഷം ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതെന്നും സീന പറഞ്ഞു.
ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് സീന ഉന്നയിച്ചിരിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റില്‍ ദുരൂഹതയുണ്ടെന്ന് സീന പറഞ്ഞു. ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഇത് തെറ്റായ വിവരമാണ്. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നില്ല. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്ത ഒരാള്‍ എങ്ങനെ ഹാര്‍ട്ട് പേഷ്യന്റായി എന്നറിയില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോയുടെ വയസ് തെറ്റായാണ് നല്‍കിയിരിക്കുന്നതെന്നും സീന പറഞ്ഞു.
സൈമണ്‍ ബ്രിട്ടോയുടെ അവസാന നിമിഷങ്ങളെ സംബന്ധിച്ചും സീന സംശയങ്ങള്‍ പ്രകടിപ്പിച്ചു. യാത്രയ്ക്കിടെയായിരുന്നു അദ്ദേഹം മരിച്ചത്. രാവിലെ മുതല്‍ ശ്വാസതടസം അനുഭവപ്പെട്ട ബ്രിട്ടോയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ തയ്യാറായില്ല. അവസാന നിമിഷങ്ങളില്‍ ബ്രിട്ടോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും സീന വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here