Advertisement

ഒരു ക്യാന്‍സര്‍ അപാരത; ‘ക്യാന്‍സറിനെ കൊന്ന് കൊലവിളിച്ച്’ സിജിത്ത്

January 31, 2019
Google News 1 minute Read
sijith

കഴിഞ്ഞ കുറേ ദിവസമായി സിജിത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിക്കുകയാണ്. കണ്ണ് നനയിക്കുന്നത് രോഗം കൊണ്ടല്ല കേട്ടോ.. രോഗത്തിന് മുന്നില്‍ ഈ പ്രവാസിയായ ചെറുപ്പക്കാരന്‍ കാണിച്ച നിശ്ചയ ദാര്‍ഢ്യത്തിന് മുന്നിലാണ്  അഭിമാനം കൊണ്ട് ഓരോ മലയാളിയുടേയും കണ്ണ് നിറയുന്നത്. ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റയ്ക്ക് രോഗത്തിന് എതിരെ പടവെട്ടി ജയിച്ച് കയറുകയാണ് സിജിത്ത്. നാലാം സ്റ്റേജിലേക്ക് കടന്ന ക്യാന്‍സറിന്റെ പിടിയില്‍ നിന്ന്  എട്ട് മാസം കൊണ്ട് സിജിത്ത് കരകയറി കഴിഞ്ഞു.

ആറ് വര്‍ഷം മുമ്പാണ് അമ്മയുും അനിയനും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ചുമതല പൂര്‍ണ്ണായും ഏറ്റെടുത്ത് സിജിത്ത് ഖത്തറിലേക്ക് പോകുന്നത്. ചെറുപ്പത്തിലെ അച്ഛന്റെ മരണം കുടുംബത്തില്‍ ഉണ്ടാക്കിയ താളം തിരിച്ചെടുക്കുക മാത്രമായിരുന്നു പ്രവാസ ജീവിതത്തിന്റെ ഉദ്ദേശ ലക്ഷ്യം. പ്ലസ്ടു വരെ പഠിച്ചപ്പോഴും പഠിപ്പിന്റെ ഇടയില്‍ എല്ലാ ജോലിയ്ക്കും സിജിത്ത് പോയിരുന്നു. അമ്മയുടെ ചെറിയ ജോലിയില്‍ കുടുംബം പുലരില്ലെന്ന് ഉറപ്പായതോടെയാണ് ജോലിയ്ക്ക് പോയി തുടങ്ങിയത്. അതിന് പിന്നാലെ ഓട്ടോ ഡ്രൈവറായി. അതിനിടെയിലാണ് ഖത്തറിലേക്ക് അവസരം വരുന്നത്. ട്രെയിലര്‍ ഡ്രൈവറായിരുന്നു സിജിത്ത്. പ്രവാസി ജീവിതത്തില്‍ സന്തോഷം കണ്ടെത്തി നാട്ടില്‍ കുടുംബത്തെ കരകയറ്റുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു നടുവേദന വരുന്നത്. അതായിരുന്നു തുടക്കം. പതിയെ തുടങ്ങിയ വേദന കാലുകളെ തളര്‍ത്തിയതോടെ ഖത്തറിലെ ഹമദ് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു മാസത്തെ പരിശോധനയിലാണ് രക്ത കോശങ്ങളെ ക്യാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയത്.

രോഗം ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെ തനിക്ക് വാശിയായിരുന്നെന്ന് സിജിത്ത് പറയുന്നു. കാരണം സിജിത്തിന്റെ അ‍ഞ്ചാം വയസ്സില്‍ ക്യാന്‍സര്‍  തന്നെയായിരുന്നു സിജിത്തിന്റെ അച്ഛനെ തട്ടിയെടുത്തത്. അന്ന് അഞ്ച് മാസമായിരുന്നു സിജിത്തിന്റെ അനിയന്റെ പ്രായം. ചെറുപ്രായത്തില്‍ അച്ഛനെ നഷ്ടപ്പെടുമ്പോള്‍ ഒരു ബാല്യം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെല്ലാം അനുഭവിച്ചത് കൊണ്ടാകും രോഗത്തോട് ഒരു തരം വാശിയായിരുന്നു തനിക്കെന്ന് സിജിത്ത് പറയുന്നു. ആ വാശി നല്‍കിയ ധൈര്യമാണ് ഓരോ കീമോ ചെയ്യുമ്പോഴും ശക്തിയായത്. ഏഴ്  കീമോയ്ക്ക് ശേഷം ഇരുപത് ദിവസം മുമ്പാണ് രോഗത്തിന്റെ അവസാന കണികയും തന്റെ ശരീരം വിട്ടൊഴിഞ്ഞതെന്ന് സിജിത്ത് തിരിച്ചറിയുന്നത്.  ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും നല്‍കിയ പിന്തുണയും വലുതാണെന്ന് സിജിത്ത് പറയുന്നു. അന്യനാട്ടില്‍ ഒറ്റയ്ക്ക് രോഗത്തോട് പടവെട്ടി ജീവതത്തിലേക്ക് തിരിച്ച് വന്ന സിജിത്തിനെയും സിജിത്തിന്റെ പോസ്റ്റിനേയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

  

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here