കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ഇന്ന്

2019 ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ് നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ലോകസഭയിൽ അവതരിപ്പിയ്ക്കും. താത്ക്കാലിക ധനമന്ത്രി പിയൂഷ് ഗോയലാണ് ഇടക്കാല ബജറ്റ് സഭയിൽ അവതരിപ്പിയ്ക്കുക. അതേസമയം താത്ക്കാലികമായാലും ബജറ്റിൽ ഒരു സമ്പൂർണ്ണ ഇഫക്ട് നൽകുന്ന പ്രഖ്യാപനങ്ങൾ ഉൾപ്പെടും എന്നാണ് ലഭിയ്ക്കുന്ന സൂചന. രാവിലെ പതിനൊന്ന് മണിയ്ക്കാണ് ബജറ്റ് അവതരിപ്പിയ്ക്കുക.
ഒരു രാഷ്ട്രിയക്കാരന്‍ എന്നതിലേക്കാളുപരി ഒരു ബിസിനസ് മാനേജർ എന്ന വിളിപ്പേര് യോജിക്കുന്ന ആളാണ് പീയുഷ് ഗോയല്‍. അത്ര സാമർത്ഥ്യത്തൊടെ പദ്ധതികളിൽ തന്ത്രങ്ങൾ ഒളിച്ച് കടത്താൻ സമർത്ഥനാണ് അദ്ദേഹം. റെയിൽ വേ മന്ത്രി എന്ന നിലയിലും ഊർജ്ജമന്ത്രി എന്ന നിലയിലും ഇങ്ങനെ പ്രകടിപ്പിച്ച മികവാണ് ആദ്യ ബജറ്റ് അവതരണത്തിനുള്ള അവസരം അദ്ദേഹത്തിന് സമ്മാനിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവസാന പൊതുബജറ്റ് സമ്പൂർണ്ണമാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. പ്രതിപക്ഷം ഇക്കാര്യത്തിൽ പ്രതിഷേധം ശക്തമാക്കിയതോടെ ഇടക്കാലക്കാല ബജറ്റാകും അവതരിപ്പിയ്ക്കുക എന്ന് പിന്നീട് ധന മന്ത്രാലയം തിരുത്തി.
ഇടക്കാലമായാലും ഒരു സമ്പൂർണ്ണ ഇഫക്ട് അവസാന ബജറ്റിന് കൊടുക്കാനുള്ള ശ്രമത്തിലാണ് അതുകൊണ്ട് തന്നെ താത്ക്കാലിക ധനമന്ത്രി. വോട്ട് ഓൺ അക്കൗണ്ട് എന്നാണ് ഈ ഇടക്കാല ബജറ്റിനെ വിശേഷിപ്പിക്കുക. പുതിയ പദ്ധതികളുടെ പ്രഖ്യാപനമോ നികുതി നിരക്കുകളിൽ മാറ്റമോ കീഴ്വഴക്കം അനുസരിച്ച് ഈ കാലയളവിൽ ഉണ്ടാവില്ല. നാല് മാസത്തേക്ക് കേന്ദ്ര സർക്കാരിന്റെ പ്രവർത്തന ചിലവുകൾ നടത്തുന്നതിന് പാർലമെന്റിന്റെ അനുമതിയ്ക്കായുള്ള നിർദേശമാണ് ഉണ്ടാകേണ്ടത്. സർക്കാരിന്റെ നിലവിലെ പദ്ധതികൾക്കുളള ബജറ്റ് വിഹിതം അനുവദിക്കാൻ എന്നാൽ സാധിയ്ക്കും. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിലും ഈ സാഹചര്യത്തിൽ ഉള്ള പദ്ധതികളിൽ ജനപ്രിയ നിർദേശങ്ങൾ സമർത്ഥമായ് നിക്ഷേപിയ്ക്കുകയാണ് പിയൂഷ് ഗോയലിന് മുന്നിലുള്ള വെല്ലുവിളി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here