അഭിമന്യു കൊലപാതകം; വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് കേസ് പരിഗണിക്കും. 27 പ്രതികളുള്ള കേസില്‍ 16 പേരുടെ വിചാരണ നടപടിക്രമങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്.
പോലീസ് സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പ്രതികളുടെ വിചാരണയാണ് ആരംഭിക്കുന്നത്. പ്രതിപ്പട്ടികയിൽ 27 പേരാണുള്ളത്. ഇതിൽ 19 പേരാണ് ഇതുവരെ അറസ്റ്റിലായത്. എന്നാൽ കൃത്യത്തിൽ നേരിട്ട് ബന്ധമുള്ള ഒന്നു മുതല്‍ 16 വരെയുള്ള പ്രതികളെ ഉൾപെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ 9 പേരാണ് പിടിയിലായത്. 5 പേര്‍ക്ക് ജാമ്യം ലഭിച്ചു. പ്രാധാന പ്രതികളിൽ അവശേഷിക്കുന്ന 7 പേരെ പിടികൂടാൻ ഇനിയും കഴിഞ്ഞിട്ടില്ല. 17 മുതല്‍ 27 വരെയുള്ള പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായുളള പ്രാരംഭ നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങുന്നത്.
വിചാരണ കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. റിമാന്റിൽ കഴിയുന്നവരെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ടും നേരത്തെ നൽകിയിരുന്നു. അവശേഷിക്കുന്ന പ്രതികള്‍ക്കെതിരെയുള്ള രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here