22
Feb 2019
Friday
Kuttanadu

‘പേരന്‍പ് എന്റെ ജീവിതം മാറ്റി മറിച്ചു’; നടി അജ്ഞലി അമീര്‍ സംസാരിക്കുന്നു

-അജ്ഞലി അമീര്‍/രേഷ്മ വിജയന്‍

പേരന്‍പ് ‘ അഥവാ നിസ്തുലമായ സ്‌നേഹം, ഹൃദയത്തില്‍ മുറിവേല്‍ക്കാതെ ഒരാള്‍ക്ക് പോലും തിയറ്റര്‍ വിട്ടിറങ്ങാനാകാത്ത വിധം പ്രേക്ഷകരെ സ്പര്‍ശിച്ച വേറിട്ട അനുഭവം. സിനിമയില്‍ അമുദവനും പാപ്പയും അഭിനയം മറന്ന് ജീവിച്ചപ്പോള്‍ അവര്‍ക്കൊപ്പം മത്സരിച്ച് അഭിനയിച്ച് കാഴ്ചക്കാരന്റെ കണ്ണുനനയിച്ചത് മീരയെന്ന കഥാപാത്രമാണ്. പേരന്‍പ് കണ്ടിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സിനെ കൊളുത്തിവലിക്കുന്ന ശക്തമായ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് ജീവിതത്തിലും അതേ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന ട്രാന്‍സ്‌വുമണ്‍ അജ്ഞലി അമീര്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മുഖ്യധാരാ സിനിമയില്‍ നായികയാകുന്നത്. ഭിന്നലിംഗക്കാരെ അവഗണനയോടെ കാണുന്ന സമൂഹത്തില്‍ ഭിന്നലിംഗക്കാരി നായികയാകുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതും ഈ ചരിത്രത്തിന്റെ ഭാഗം. പേരന്‍പിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും അജ്ഞലി അമീര്‍ 24 നോട് സംസാരിക്കുന്നു.

പേരന്‍പിന് മികച്ച പ്രതികരണം…

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ ഇത്രയും മികച്ച അഭിപ്രായം കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. ഇതൊരു ഭാഗ്യമായാണ് കരുതുന്നത്. സിനിമ കണ്ടതിനുശേഷം നിരവധി പേര്‍ വിളിച്ചിരുന്നു. ചലച്ചിത്ര മേഖലയില്‍ ഉളള ഒരുപാട് ആളുകള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പേരന്‍പിനെ ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്.

ഡോക്യുമെന്‍ററിയിലൂടെ സിനിമയിലേക്ക്…

ഞാനൊരു ഡോക്യുമെന്റററിയില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിലെ പ്രകടനം കണ്ടിട്ട് പേരന്‍പിന്റെ ഓഡിഷനിലേക്ക് വിളിച്ചു. അങ്ങനെ സിലക്ട് ചെയ്യുകയായിരുന്നു. ഇത്രയും മികച്ച ഒരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല.

വില കുറഞ്ഞ സാരി, മേക്കപ്പില്ല…

തമിഴ് സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു. നല്ല മേക്കപ്പ് ഒക്കെ ചെയ്ത് കുറച്ച് മോഡേണ്‍ ആയ ലുക്ക് ആണ് പ്രതീക്ഷിച്ചത്. എന്നാല്‍ ചിത്രത്തില്‍ എനിക്ക് ലഭിച്ചത് 200 രൂപയുടെ സാരിയായിരുന്നു. മേക്കപ്പ് തീരെ കുറവും. ഒരു സീനിലാണ് മുല്ലപ്പൂ പോലും ചൂടി അഭിനയിച്ചത്. ചെറിയ നിരാശ തോന്നിയെങ്കിലും ചിത്രീകരണം തുടങ്ങിയപ്പോള്‍ അതൊക്കെ മാറി. കഥാപാത്രത്തിന്റെ ഡെപ്ത് മനസ്സിലായപ്പോള്‍ മേക്കപ്പും ഔട്ട്ഫിറ്റും ഒന്നും പ്രശ്‌നമായില്ല. മീരയെന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

മീര അല്ല അജ്ഞലി, പെട്ടെന്ന് ദേഷ്യപ്പെടും…

ട്രാന്‍സ്‌വുമണ്‍ ആണ് രണ്ട് പേരും എന്നതൊഴിച്ചാല്‍ മീരയെന്ന കഥാപാത്രവും ഞാനും തമ്മില്‍ സാമ്യങ്ങളില്ല, വൈരുദ്ധ്യങ്ങളാണ് കൂടുതല്‍. മീരയെപ്പോലെ എപ്പോഴും കരയാറില്ല. എനിക്ക് പെട്ടെന്നാണ് ദേഷ്യം വരിക. എന്റെ മുഖത്ത് എപ്പോഴും ദേഷ്യഭാവമാണെന്നാണ് അറിയാവുന്നവര്‍ പറയുന്നത്. ചില സമയത്ത് പൊട്ടിത്തെറിച്ച് പോകും. ഞാന്‍ കുറച്ച് മോഡേണ്‍ ആണ്. വസ്ത്രധാരണത്തിലും മറ്റും ശ്രദ്ധ പുലര്‍ത്താറുമുണ്ട്. മീരയെപ്പോലെ നിസ്സഹായ ആയ എപ്പോഴും കരയുന്ന ഒരു കഥാപാത്രമാകുന്നത് വെല്ലുവിളി ആയിരുന്നു.

സിനിമയില്‍ കുറേ കരഞ്ഞു…

കരയുന്ന കുറെ രംഗങ്ങളുണ്ട് ചിത്രത്തില്‍. അതിലെല്ലാം യഥാര്‍ഥത്തില്‍ കരയുകയായിരുന്നു. പല സീനുകളിലും ഞാന്‍ കരഞ്ഞുപോകുകയായിരുന്നു. മമ്മൂക്ക വഴക്കുപറയുമ്പോള്‍ ഫ്‌ലാറ്റില്‍ നിന്ന് കരഞ്ഞ് കൊണ്ടിറങ്ങിപ്പോകുന്ന രംഗമുണ്ട്. ആ സമയത്ത് സത്യത്തില്‍ ചെരുപ്പിടാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ അത് കൈയ്യിലെടുത്ത് കൊണ്ടുപോകുകയായിരുന്നു. അത് ഒറ്റ ഷോട്ടില്‍ ഒക്കെ ആകുകയും ചെയ്തു. ആ രംഗമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായെന്ന് കേട്ടതില്‍ ഒരുപാട് സന്തോഷമുണ്ട്.

മമ്മൂക്കയോടൊപ്പമുളള അഭിനയം കംഫര്‍ട്ടബിള്‍…

സാധാരണ മമ്മൂക്ക എന്ന് പറയുമ്പോഴേ ആളുകള്‍ക്ക് ചെറിയ പേടിയൊക്കെയുണ്ട്. അത് അദ്ദേഹത്തോടുളള ബഹുമാനം കൊണ്ടാണ്. ആദ്യ സിനിമയില്‍ തന്നെ ഇത്രയും മികച്ച അഭിനേതാവിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് മഹാഭാഗ്യമാണ്. മമ്മൂക്ക വളരെ സപ്പോര്‍ട്ടീവാണ്. തുടക്കം മുതല്‍ മമ്മൂക്ക കൂടെയുണ്ടായിരുന്നു. സിനിമാ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ മേക്കപ്പും ഹെയറും ഫിറ്റ്‌നസ്സുമെല്ലാം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞുതന്നിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ പോലും മമ്മൂക്ക അത് ക്ഷമയോടെ പറഞ്ഞ് തിരുത്താറുണ്ടായിരുന്നു. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് തീര്‍ത്തും കംഫര്‍ട്ടബിള്‍ ആയിരുന്നു.

സിനിമ എന്‍റെ സ്വപ്നം…

മോഡലിങ്ങ് ചെയ്യുമ്പോഴും സിനിമ ആയിരുന്നു മനസ്സ് നിറയെ. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ലൈറ്റ് ബോയ്‌സ് മുതല്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിനയമെന്ന സ്വപ്‌നമാണുളളത്. ഞാന്‍ സിനിമ ഫീല്‍ഡിലെ അണിയറപ്രവര്‍ത്തകരില്‍ പലരോടും സംസാരിച്ചിട്ടുണ്ട്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും അഭിനയമോഹമുണ്ട്. പേരന്‍പ് എന്റെ ജീവിതമാണ് മാറ്റി മറിച്ചത്.

Read More:കേട്ടതിലും പ്രതീക്ഷിച്ചതിലും അപ്പുറമാണ് ‘പേരൻപ്’ എന്ന സത്യം; റിവ്യൂ വായിക്കാം..

ട്രാന്‍സ്ജെന്‍ഡേഴ്സിനോടുളള സമീപനം ഇനിയും മാറേണ്ടതുണ്ട്…

ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വിഭാഗങ്ങളിലൊന്നാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ഞാനടക്കം കമ്മ്യൂണിറ്റിയിലുളള എല്ലാവരും അതിക്രമങ്ങള്‍ക്കും അവഗണനകള്‍ക്കും ഇരയായിട്ടുണ്ട്. ഞങ്ങളുടെ വിഭാഗത്തില്‍ നിന്നൊരാള്‍ മുഖ്യധാരാ സിനിമയില്‍ ലീഡ് റോളുകളില്‍ ഒന്നില്‍ അഭിനയിക്കുക എന്നത് തന്നെ വലിയ മാറ്റത്തിന് തുടക്കമാണ്. അത് എന്നിലൂടെ ആയതില്‍ സന്തോഷമുണ്ട്. എങ്കിലും ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന വിഭാഗത്തെ മൂന്നാംകിടക്കാരായി കാണുന്ന സമൂഹത്തിന്റെ മനോഭാവം മാറേണ്ടതുണ്ട്. പേരന്‍പിന് ശേഷം എന്നോട് ജനങ്ങള്‍ക്കുളള ആറ്റിറ്റ്യൂഡ് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്. നല്ല പിന്തുണ അവര്‍ നല്‍കുന്നുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി കഴിയുന്നതൊക്കെ ചെയ്യും…

എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ഞാന്‍ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി ചെയ്യും. എന്റെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  കഴിയുന്ന സഹായങ്ങള്‍ ചെയ്ത് നല്‍കും.  സൂര്യ, ശീതള്‍ എന്നിവരുള്‍പ്പെടെ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരവധി പേര്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. കമ്മ്യൂണിറ്റി നല്‍കുന്ന പിന്തുണ വളരെ വലുതാണ്.

പുതിയ പ്രോജക്ടുകള്‍ തമിഴിലും തെലുങ്കിലും…

പുതിയതായി തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍ ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് നല്ല ഒരു ഓഫര്‍ വന്നിട്ടുണ്ട്. അതില്‍ തീരുമാനം ആയിട്ടില്ല. ഡിസ്‌കഷന്‍സ് നടക്കുകയാണ്. ഇപ്പോള്‍ ചെന്നൈയില്‍ തമിഴ് സിനിമയുടെ തിരക്കിലാണ്.

Read More:പേരന്‍പ് മേക്കിംഗ് വീഡിയോ കാണാം

റിസുറക്ഷന്‍‘, ‘പേരന്‍പ്’ സിനിമയുടെ ടാഗ് ലൈനിലെ വാക്കാണിത്. റിസുറക്ഷന്‍ അല്ലെങ്കില്‍ അതിജീവനം എന്ന വാക്കിനോട് ചേര്‍ത്ത്  അജ്ഞലി അമീറിന്റെ ജീവിതത്തെയും കൂട്ടി വായിക്കാം. പ്രതിബന്ധങ്ങളെ പ്രതിരോധിച്ച്, കാലഹരണപ്പെട്ട ചലച്ചിത്ര ശീലക്കേടുകളെ പൊളിച്ചെഴുതി അജ്ഞലി കുറിച്ച ചരിത്രത്തിന് അതിജീവനമെന്നല്ലാതെ എന്ത് പേര് നല്‍കാനാകും.

 

 

Top