Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ്; ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ ഇടത് മുന്നണി

February 11, 2019
Google News 1 minute Read
cpim flag

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇടത് മുന്നണി. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്,ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇതിനകം നടന്നു. മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് ബി അറിയിച്ചു.

ഈ മാസം 14 നും,16 നും മേഖല ജാഥകള്‍ തുടങ്ങാനിരിക്കെയാണ് ഉഭയകക്ഷി ചര്‍ച്ചക്ക് ഇടതു മുന്നണി തുടക്കമിട്ടത്. ജാഥയ്ക്കിടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് മുന്നണി തീരുമാനം.യോഗത്തിന് ശേഷം ഐഎന്‍എല്‍,ജനാധിപത്യകേരള കോണ്‍ഗ്രസ് എന്നിവരുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തി.കാസര്‍ഗോഡ് സീറ്റില്‍ മത്സരിക്കാനുള്ള താത്പര്യം ഐഎന്‍എല്‍ പ്രകടിപ്പിച്ചുവെന്നാണ് സൂചന.കോട്ടയം,പത്തനംതിട്ട സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ മത്സരിക്കാനുള്ള താത്പര്യം ജനാധിപത്യ കേരള കോൺഗ്രസ് പ്രകടിപ്പിച്ചു.തുടര്‍ ചര്‍ച്ചകളീലുടെ അന്തിമ തീരുമാനെടുക്കാനാണ് ധാരണ.

Read More:ഇടത് മുന്നണിയില്‍ സീറ്റ് ആവശ്യപ്പെടാനൊരുങ്ങി ജനാധിപത്യ കേരള കോണ്‍ഗ്രസ്

പത്തനംതിട്ട സീറ്റ് ആവശ്യപ്പെട്ട് എന്‍സിപി നല്‍കിയ കത്ത് നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. സിപിഐ,ജനതാദള്‍ എസ്,ലോക് താന്ത്രിക് ജനതാദള്‍ എന്നിവരുമായുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും.15 സീറ്റില്‍ സിപിഎമ്മും നാലിടത്ത് സിപിഐയും,ഒരു സീറ്റില്‍ ജനതാദള്‍ എസുമാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഈ നിലയില്‍ മാറ്റം വരുമോ, മത്സരിച്ച മണ്ഡലങ്ങളിൽ മാറ്റമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളിൽ ഉഭയകക്ഷി ചര്‍ച്ചയിലൂടെ ധാരണയിലെത്താനാണ് സി പി എമ്മിന്റെ ശ്രമം.

തിരുവനന്തപുരം,​ മാവേലിക്കര,​ തൃശൂർ,​ വയനാട് എന്നിവയാണ് സി.പി.ഐയുടെ സിറ്റിംഗ് സീറ്റുകൾ. തിരുവനന്തപുരം മറ്റേതെങ്കിലും സീറ്റുമായി വച്ചുമാറണമെന്ന ആലോചനകൾ പല തലങ്ങളിൽ ഉണ്ടായെങ്കിലും,​ അത്തരം നീക്കം നന്നാവില്ലെന്ന വിലയിരുത്തലിൽ നേതൃത്വം എത്തിച്ചേരുകയായിരുന്നു. ഇന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവും നാളെ സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പൊതുവായ ഒരുക്കങ്ങളും ഇടതു മുന്നണി മേഖലാ ജാഥകളുടെ ഒരുക്കവുമായിരിക്കും ഈ യോഗങ്ങൾ ചർച്ച ചെയ്യുക.

മാർച്ച് ആദ്യം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്ഥാനാർത്ഥിനിർണയവും പൂർത്തിയാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. മാർച്ച് ആദ്യം ചേരുന്ന സി.പി.ഐ ദേശീയ നേതൃയോഗങ്ങളിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും അന്തിമസ്ഥാനാർത്ഥി പട്ടിക. മാർച്ച് 3,​ 4 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തോടെ സി.പി.എമ്മും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സി.പി.എമ്മിനും സി.പി.ഐക്കും പുറമേ ജനതാദൾ-എസിനായിരുന്നു കഴിഞ്ഞതവണ ഒരു സീറ്റ്- കോട്ടയം. ജെ.ഡി.എസിന് സീറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് അന്തിമമായി തീരുമാനിക്കുക.

പുതുതായി എത്തിയ ലോക്‌താന്ത്രിക് ജനതാദളും വടകര മോഹിച്ചു നിൽപുണ്ട്. മൂന്ന് എം.എൽ.എമാരുള്ള ജെ.ഡി.എസിനെ തഴഞ്ഞ് എൽ.ജെ.ഡിക്ക് സീറ്റ് നൽകാനുള്ള സാദ്ധ്യത വിരളമാണ്. ജനാധിപത്യ കേരള കോൺഗ്രസ് പത്തനംതിട്ട,​ കോട്ടയം,​ ചാലക്കുടി സീറ്റുകളിലൊന്ന് ആഗ്രഹിക്കുന്നുണ്ട്. ഉഭയകക്ഷി ചർച്ചയിൽ മുന്നണി നേതൃത്വം ആവശ്യപ്പെട്ടാൽ മാത്രം ഈ ആഗ്രഹം അറിയിച്ചാൽ മതിയെന്നാണ് ജനാധിപത്യ കേരള കോൺഗ്രസിലെ ധാരണ. ഇടുക്കിയിലെ ചില മേഖലകൾ കൂടി ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിച്ചാൽ ഗുണമാകുമെന്ന ചിന്ത മുന്നണിയിൽ പലർക്കുമുണ്ട്. കോട്ടയത്ത് മാണിവിരുദ്ധ വികാരം മുതലാക്കാൻ ഫ്രാൻസിസിന്റെ സ്ഥാനാർത്ഥിത്വം ഉപകരിക്കുമെന്ന് കരുതുന്നവരുമുണ്ട്. എൻ.സി.പിയും പത്തനംതിട്ട നേരത്തേ ചോദിച്ചിരുന്നെങ്കിലും അവർ അതിൽ ഉറച്ചുനിൽക്കുമോയെന്ന് വ്യക്തമല്ല. പത്ത് ഘടകകക്ഷികൾക്ക് പുറമേ,​ പുറത്ത് സഹകരിച്ചു നിൽക്കുന്നവരുമായും നേതൃത്വം ഈ ദിവസങ്ങളിൽ ചർച്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here