വാഹന മോഷണ സംഘം പിടിയില്‍

മോഷണ സംഘത്തിലെ പ്രധാന കണ്ണിയടക്കം എട്ടു പേർ പിടിയിൽ. കോഴിക്കോട്ട് വച്ചാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികളിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാത്രി നടന്ന വാഹന പരിശോധനയ്ക്കിടയിൽ വാഹനം നിർത്താതെ പോയതിനെ തുടർന്ന് കസബ പോലീസ് മോഷണസംഘത്തിലെ രണ്ട് പേരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് മറ്റുള്ള സംഘാംഗങ്ങളും വലയിലായത്.
കോഴിക്കോട് നഗരത്തിൽ രാത്രിസമയങ്ങളിൽ പിടിച്ചുപറിയും മോഷണവും അനാശാസ്യ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ്കുമാർ ഗുരുഡിന്റെ നിർദ്ദേശപ്രകാരം, പോലീസ് വാഹന പരിശോധനയടക്കമുള്ള നടപടികൾ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്ന മുഹമ്മദ് ആഷിഖിനെയും നിധിനെയും കസബ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് സംഘത്തിലെ മറ്റ് ആറു പേരെ കൂടി പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ കണ്ണാടിക്കൽ സ്വദേശി ഷാജി, എം.അഷിഖ്, അനീഷ് റഹ്മാമാൻ, ഫർദീൻ, ഷാജഹാൻ, സെയ്ത് മുഹമ്മദ് എന്നിവരാണ് രണ്ടാമത് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവർ മോഷ്ടിച്ച 8 ബൈക്കുകളും, മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. പിടിയിലായ പ്രതികളിൽ 7 പേരും 19നും 23 നും ഇടയിൽ പ്രായമുള്ളവരാണ്. പ്രതികൾ ആർഭാട ജീവിതത്തിനും ലഹരിക്കായുമാണ് മോഷണം നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here