ചത്തു കിടക്കുന്ന അരയന്നത്തെ ഉണർത്താൻ ശ്രമിച്ച് ഇണ; വീഡിയോ

ഇന്ന് പ്രണയദിനം. പ്രണയത്തെ കുറിച്ചും പങ്കാളിയെ കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ തുരുതുരെ പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഏവരുടേയും ഹൃദയത്തിൽ മുറിവേൽപ്പിച്ച ഒരു വീഡിയോയാണ് ഇന്ന് വൈറലായിരിക്കുന്നത്. ചത്തു കിടക്കുന്ന ഒരു അരയന്നത്തെ ഉണർത്താൻ ശ്രമിക്കുന്ന ഇണയുടെ വീഡിയോയാണ് ഇത്.
ചൈനയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. കാറിടിച്ച് ചത്ത അരയന്നത്തെ കഴുത്തിൽ തൊട്ടും തലയിൽ തൊട്ടുമെല്ലാം ഉണർത്താൻ ശ്രമിക്കുകയാണ് അതിന്റെ ഇണയായ മറ്റൊരു അരയന്നം.
20 മിനിറ്റോളം ഇണയെ ഉണർത്താൻ അരയന്നം ശ്രമിക്കുന്നുണ്ട്. ഏറെ നേരം ചത്തു കിടക്കുന്ന തന്റെ ഇണയെ നോക്കി നിന്ന ശേഷമാണ് ശ്രമം ഉപേക്ഷിച്ച് അരയന്നം പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ചില സമയങ്ങളിൽ മനുഷ്യരേക്കാൾ വികാരങ്ങൾ പക്ഷി-മൃഗാദികൾ കാണിക്കുമെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററാറ്റികൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here