കേരള കോൺഗ്രസ്സിന് തെരെഞ്ഞെടുപ്പിൽ 2 സീറ്റ് വേണമെന്ന കാര്യത്തിൽ പിന്നോട്ടില്ല : പിജെ ജോസഫ്

കേരള കോൺഗ്രസ്സിന് തെരെഞ്ഞെടുപ്പിൽ 2 സീറ്റ് വേണമെന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്.18ാം തീയതി നടക്കുന്ന യുഡിഎഫ് മീറ്റിംഗിൽ സീറ്റ് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും പി.ജെ.ജോസഫ് കൊല്ലത്ത് പറഞ്ഞു.
ജോസ് കെ മാണി എം.പി. നയിക്കുന്ന കേരള രക്ഷായാത്ര ആരംഭിച്ചതിന് പിന്നാലെയാണ് മാണി ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച മറ നീക്കി പുറത്ത് വന്നത്. യാത്രക്ക് ജോസഫ് വിഭാഗത്തിൽ നിന്ന് വേണ്ടത്ര പിന്തുണ ഉണ്ടായില്ലെന്ന വിമർശനം മാണി വിഭാഗത്തിനുണ്ട്.ഇതിന് പിന്നാലെയാണ് യാത്രയുടെ സമാപന ചടങ്ങിൽ പി.ജെ.ജോസഫ് പങ്കെടുക്കില്ലെന്ന വാർത്ത പുറത്ത് വരുന്നത്.ലോക കേരള സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ താൻ സമാപന ചടങ്ങിൽ ഉണ്ടാകില്ലെന്ന് പി.ജെ.ജോസഫ് തന്നെ വ്യക്തമാക്കി.
Read More : കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് ലോക്‌സഭാ സീറ്റിന് അർഹതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോണി നെല്ലൂർ
ലോക് സഭാ തെരെഞ്ഞെടുപ്പിൽ രണ്ടു വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും പി.ജെ.ജോസഫ് പറഞ്ഞു. ഇടുക്കി, ചാലക്കുടി സീറ്റുകളാണ് പ്രധാനമായും പി.ജെ.ജോസഫ് വിഭാഗം ലക്ഷ്യമിടുന്നത് .അതേസമയം സീറ്റിന്റെ പേരിൽ യു ഡി എഫിനെ സമ്മർദ്ദത്തിലാക്കേണ്ടെന്ന നിലപാട് കെ.എം.മാണി സ്വീകരിക്കുമ്പോൾ കേരള കോൺഗ്രസ്സിന്റെ ഭാവി എന്താകുമെന്ന് കണ്ടു തന്നെ അറിയണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here