പാലക്കാട് നാലുവയസ്സുകാരി കൊല്ലപ്പെട്ട സംഭവം; കുട്ടിയെ തട്ടിക്കൊണ്ടു വന്നതാണെന്ന് ഭിക്ഷാടക സംഘം

പാലക്കാട് പീഡനശ്രമത്തിനിടെ നാലുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ ഭിക്ഷാടന സംഘത്തിന് കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും കണ്ണികളുണ്ടെന്ന് പോലീസ്. ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭിക്ഷാടന മാഫിയയിലെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കേരളത്തിലെ വിവിധ റെയില്‍വെ സ്റ്റേഷനുകളിലും ഇവരുടെ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസ് പറഞ്ഞു.പീഡനശ്രമത്തിനിടെ നാലു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്.
തമിഴ്‌നാട് തിരുവള്ളുവര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബാക്കിയുള്ള മൂന്ന് പ്രതികള്‍ക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഇനി പിടിയിലാവാനുളളത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഭിക്ഷാടന മാഫിയയില്‍പ്പെട്ടവരാണ് ഇവര്‍. തമിഴ്‌നാട്ടിലെ തഞ്ചാവൂരും തിരുപ്പൂരും ആണ് സംഘത്തിന്റെ പ്രധാന താവളങ്ങള്‍.
വിവിധയിടങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടു വരുന്ന കുട്ടികളെ സംഘം കേരളത്തിലേക്കാണ് പ്രധാനമായും എത്തിക്കുന്നത്. ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഭിക്ഷ യാചിക്കുന്ന സംഘത്തിനൊപ്പമാണ് കുട്ടികളെ നിയോഗിക്കുന്നത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാലക്കാട് നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ ശനിയാഴ്ച അറസ്റ്റിലായവരില്‍ നിന്നാണ് സംഘത്തെക്കുറിച്ചുളള കുടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ടുവന്നത് തിരുച്ചിറപ്പളളി കുളിത്തലൈയില്‍ നിന്നാണെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ പെണ്‍കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ട്രാക്കില്‍ പീഡന ശ്രമത്തിനിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. സുരേഷും മറ്റൊരാളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തി പിടിക്കുകയായിരുന്നു. ശ്വാസം മുട്ടി മരിച്ച നാലു വയസ്സുകാരിയുടെ കഴുത്തില്‍ പ്രതികള്‍ തുണി മുറുക്കി മരണം ഉറപ്പുവരുത്തിയതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭിക്ഷാടനസംഘം കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപത്തെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഭിക്ഷാടന മാഫിയയുടെ കേരളത്തിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. അതിര്‍ത്തി കടന്നുളള ഭിക്ഷാടന മാഫിയയ്ക്കായി പ്രത്യേക സംഘം രൂപീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here