സൗദി കിരീടാവകാശി ഇന്ന് പാക്കിസ്ഥാനില്‍

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച പാകിസ്ഥാനിലെത്തും. കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി രാജകുമാരന്റെ പാക് സന്ദര്‍ശനം. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിയ്ക്കുന്ന ആളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെ സൗദി രാജകുമാരന്‍ പാക് സന്ദര്‍ശനം വെട്ടിച്ചുരുക്കിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച സൗദി തുടര്‍ന്ന് സല്‍മാന്‍ രാജകുമാരന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കുകയായിരുന്നു. സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം നീട്ടി വെച്ചതു സംബന്ധിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ആഭ്യന്തര കലാപം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സന്ദര്‍ശനം. അഫ്ഗാനിലെ താലിബാന്‍ പ്രതിനിധികളുമായി സല്‍മാന്‍ രാജകുമാരന്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനില്‍നിന്ന് നാറ്റോ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തുവരികയാണ്. ഇസ്ലാമാബാദില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സല്‍മാനൊപ്പം പങ്കെടുക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.അതേസമയം, തങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ഖത്തറിലെ താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരിന്റെ സന്ദര്‍ശനത്തില്‍ സൗദിയില്‍ നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുള്ള ആവശ്യം പാക്കിസ്ഥാന്‍ നേരത്തെ തന്നെ സൗദിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയുടെ പ്രതികരണമെന്താകുമെന്നാണ് നയതന്ത്രവിദഗ്ധര്‍ ഉറ്റു നോക്കുന്നത്. അതേ സമയം മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാക്കിസ്ഥാനില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ഇസ്ലാമാബാദ് നഗരത്തിലും പരിസരത്തും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായാണ് വാര്‍ത്തകള്‍.കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് സല്‍മാന്‍ രാജകുമാരന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. പാക്കിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കുന്ന കിരീടാവകാശി നാളെ വൈകിട്ട് ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തും.രാജകുടുംബാംഗങ്ങള്‍ക്കു പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന സംഘം യാത്രയില്‍ സൗദി രാജകുമാരനെ അനുഗമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here