ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പാക് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ഇന്ത്യ

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് തെളിവു ചോദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് വരെ ഏറ്റെടുത്തതാണെന്നും അത് പാക്കിസ്ഥാന്‍ കണക്കിലെടുക്കുന്നില്ലെന്നും ഇന്ത്യ വിമര്‍ശിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇമ്രാന്‍ഖാന്റെ പ്രസ്താവനയില്‍ ആശ്ചര്യമില്ല. ഭീകരാക്രമണത്തെ അപലപിക്കാന്‍ പോലും ഇമ്രാന്‍ ഖാന്‍ തയ്യാറായിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പാക് ഭീകരവാദത്തിനെതിരെ നിരവധി തവണ തെളിവുകള്‍ ഇന്ത്യ നിരത്തിയതാണ് . എന്നിട്ടും പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യം എന്താണെന്ന് പാക്കിസ്ഥാന് മനസിലാകില്ല. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ ഒഴിവുകഴിവ് പറയുക മാത്രമാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ലെന്നും യാതാരു തെളിവുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നുമായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. വിശ്വസനീയമായ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.ആക്രമണം കൊണ്ട് പാക്കിസ്ഥാന് എന്ത് ഗുണമുണ്ടായെന്ന് ചോദിച്ച ഇമ്രാന്‍ ഖാന്‍ ഭീകരാക്രമണത്തില്‍ വിവേകപൂര്‍ണ്ണമായ ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും പ്രശ്ന പരിഹാരത്തിന് ചര്‍ച്ചയ്ക്ക് തയ്യാറാകുകയാണ് വേണ്ടതെന്നും നേരത്തെ പറഞ്ഞിരുന്നു.
പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കും. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള പാക് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here