കര്‍ണാടകയിലെ കയ്യാങ്കളി; ജെ.എന്‍ ഗണേഷ് എം.എല്‍.എ. യെ അറസ്റ്റു ചെയ്തു

നേരത്തെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ചുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സഹ എം എല്‍ എ ആനന്ദ് സിംഗിനെ മര്‍ദിച്ച കേസിലാണ് ജെ എന്‍ ഗണേഷിനെ അറസ്റ്റ് ചെയ്തത്. കര്‍ണാടകത്തില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ റിസോര്‍ട്ടില്‍ താമസിക്കുകയായിരുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ജെ എന്‍ ഗണേഷ് ആനന്ദ് സിംഗിനെ മര്‍ദ്ദിച്ചത്.
സംഭവത്തെ തുടര്‍ന്ന് ജെ എന്‍ ഗണേഷിനെ കോണ്‍ഗ്രസ്സ് സസ്‌പെന്റ് ചെയ്തിരുന്നു.ആനന്ദ് സിങ്ങിനെ മര്‍ദ്ദിച്ച കേസില്‍ ജെഎന്‍ ഗണേഷിനെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിനെ തുടര്‍ന്ന് ഒരുമാസത്തോളമായി ഗണേഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ അറസ്റ്റ് നടന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാരെ ചാക്കിലാക്കി ഭരണമുന്നണിയെ വീഴ്ത്താന്‍ ബിജെപി ശ്രമം നടക്കുന്നതിനിടെയാണ് എം.എല്‍.എ മാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയത്.
എന്നാല്‍ ഇവിടെ വെച്ച് എംഎല്‍എ മാര്‍ പരസ്പരം എറ്റുമുട്ടുകയായിരുന്നു. ഗണേഷ് ബിജെപിയുമായി സഹകരിക്കുന്നുവെന്ന് ആനന്ദ് സിംഗ് ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം സംഘര്‍ഘത്തിലേക്കു നീങ്ങിയത്. നെഞ്ചുവേദനയെത്തുടര്‍ന്നാണ് ആനന്ദ് സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് വാദം ഉന്നയിച്ചത്. വടികൊണ്ടും ചില്ലുപാത്രങ്ങള്‍ കൊണ്ടും ഗണേഷ് തന്റെ തലയ്ക്കടിച്ചെന്നും തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ആനന്ദ് സിംഗ് പോലീസില്‍ പരാതി നല്‍കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here