പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പോലീസ് പിടിയിൽ

പതിനേഴുവയസ്സുകാരിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി പോലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂലംപാറക്കൽ അനീഷിനെയാണ് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവേ പോലീസ് വലയൊരുക്കി വീഴ്ത്തിയത്.
പതിനേഴുവയസ്സുകാരിയെ പ്രണയം നടിച്ച് കടത്തികൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി മുക്കം മരഞ്ചാട്ടി മൂലംപാറക്കൽ അനീഷാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്. കഴിഞ്ഞ ആറാം തീയതി ഉമ്മയോടൊപ്പം മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ പെൺകുട്ടിയെ അനീഷ് പ്രണയം നടിച്ച് ബൈക്കിൽ കയറ്റി കടത്തികൊണ്ടുപോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി അനീഷ് കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ച അന്വേഷണ സംഘം പ്രതിയെ തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി നടത്തിയ വിവിധ കുറ്റകൃത്യങ്ങൾ കൂടി സമ്മതിച്ചിട്ടുണ്ട്.
വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സഹപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും വിവിധ മോഷണങ്ങളിലും പ്രതി കുറ്റസമ്മതം നടത്തി. പ്രതിയെ പിടികൂടുന്ന സമയത്ത് കൈവശമുണ്ടായിരുന്ന ബൈക്ക് മെഡിക്കൽ കോളേജ് പരിസരത്തു നിന്നും മോഷ്ടിച്ചതാണെന്നും വ്യക്തമായി. മുക്കം എസ്.ഐ കെപി അഭിലാഷിന്റെ നേതൃത്വത്തിലുള്ള അനേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here