‘പെരിയയിലെ കൊലപാതകം അതിദാരുണം’; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യുമന്ത്രി സന്ദര്‍ശനം നടത്തി

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് സന്ദര്‍ശിച്ചു. കൊലപാതകം അതിദാരുണമെന്ന് മന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും തെറ്റിദ്ധാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെ താന്‍ മുന്‍പുതന്നെ അപലപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രശ്നവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടെന്നും സര്‍ക്കാരോ പാര്‍ട്ടിയോ കൊലപാതകത്തെ ന്യായീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒന്‍പത് മണിയോടെയാണ് മന്ത്രി കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടില്‍ എത്തിയത്. മന്ത്രിയെ കണ്ട കൃപേഷിന്റെ അച്ഛന് കൃഷ്ണന് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ഇതിന് പിന്നാലെ മന്ത്രി ശരത് ലാലിന്റെ വീട്ടിലും സന്ദര്‍ശനം നടത്തി.
പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി ഇ ചന്ദ്രശേഖരന് നേരത്തേ തന്നെ പ്രതികരിച്ചിരുന്നു. കൊലപാതകത്തെ അപലപിച്ച മന്ത്രി വകതിരിവില്ലാത്തവര്‍ ചെയ്യുന്നത് തിരുത്തേണ്ടി വരുമെന്നും പറഞ്ഞിരുന്നു.
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മംഗലാപുരത്തേക്ക് കടന്നിട്ടുണ്ട് എന്ന സൂചനയുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് അറസ്റ്റിലായ ഒരാള്‍. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന കല്യാട് സ്വദേശി സജി ജോണിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വെട്ടിവീഴ്ത്തിയത് താനാണെന്ന് പീതാംബരന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് സജിയാണ്.
തെളിവെടുപ്പിന് ശേഷം ഇന്നെലെ കോടതിയില്‍ ഹാജരാക്കിയ പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പീതാംബരനുമായി നടത്തിയ തെളിവെടുപ്പില്‍ കൊലക്ക് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാളും ഇരുമ്പ് ദണ്ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here