Advertisement

ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്

February 21, 2019
Google News 1 minute Read

ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്ന ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.   കാസര്‍കോട് പെരിയയില്‍ നടന്ന കൊലപാതകത്തില്‍  മൗനം പാലിക്കുന്ന സാംസ്‌കാരിക നായകര്‍ക്ക് ‘നട്ടെല്ലിനുപകരം വാഴപ്പിണ്ടി’യുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ചതിനാണ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി കയറ്റി അയയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക നായകരുടെ മൗനം നട്ടെല്ലില്ലായ്മയാണെന്ന് ആക്ഷേപിച്ച് സാഹിത്യ അക്കാദമി ആസ്ഥാനത്തായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ വിധേയത്വത്തിന്റെ ഭാഗമായി നട്ടെല്ല് നഷ്ടപ്പെട്ട സ്ഥാനത്ത് വാഴപ്പിണ്ടി ഘടിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു ഇത്. അക്കാദമിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിന് മുന്നില്‍ വാഴപ്പിണ്ടി കെട്ടിവയ്ക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി പ്രരാചണ സമിതി അംഗവുമായ ജോണ്‍ ഡാനിയല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സുനില്‍ ലാലൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പെരിയ ഇരട്ട കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് മൂന്നേ മൂന്ന് വാചകങ്ങളാണ്; നിഷ്ഠൂരമായ ആ കൊലപാതകങ്ങള്‍ മുഖ്യമന്ത്രിക്ക് ഹീനം പോലുമായിരുന്നില്ല, ‘ദൗര്‍ഭാഗ്യകരം’ മാത്രമായിരുന്നു. എന്നാല്‍ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച സാംസ്‌കാരിക മൂപ്പന്മാരുടെ രാഷ്ട്രീയ വിധേയത്വവും നട്ടെല്ലില്ലായ്മയും തുറന്നു കാട്ടി, തൃശൂരിലെ സാഹിത്യ അക്കാദമി മുറ്റത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി എഫ്ബിയിലിട്ട പോസ്റ്റില്‍ അഞ്ച് വാചകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കുന്നത്.

Read More: ഇടത് സാംസ്‌കാരിക നായകന്മാര്‍ക്ക് ‘നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി’ സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റ് ഇങ്ങിനെ:-

കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല.
ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയയ്ക്കാനുള്ള കാരണം വിശദീകരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കായി തയ്യാറാക്കിയതും മുന്‍യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതുമായ കുറിപ്പ് ഇങ്ങിനെ:-

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

തെറ്റ് സമ്മതിക്കുന്നു. ഞങ്ങള്‍ക്ക് തെറ്റ് പറ്റി. ആ വാഴപ്പിണ്ടികളുമായി ഞങ്ങള്‍ ആദ്യം പോവേണ്ടിയിരുന്നത് സാഹിത്യ അക്കാദമിയിലേക്കായിരുന്നില്ല, ക്ലിഫ് ഹൗസിലേക്കായിരുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല, വാഴനാരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കള്‍ ഇത്ര അപഹാസ്യമായൊരു പ്രസ്താവനയിറക്കി പരിഹാസ്യനാകുമായിരുന്നില്ല. ഏതായാലും കാസര്‍കോട് സി പി എം നേതാക്കളും പ്രവര്‍ത്തകരും ഗൂഢാലോചന നടത്തി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ എഴുത്തുകാര്‍ മൗനം പാലിച്ചെന്നും ആ മൗനം ആര്‍ക്കുവേണ്ടിയായിരുന്നുവെന്നും താങ്കളുടെ ഈ പോസ്റ്റിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണല്ലോ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, താങ്കള്‍ക്ക് നട്ടെല്ല് മാത്രമല്ല, ഓര്‍മശക്തിയും കളഞ്ഞു പോയോ? കേരളത്തിലെ എഴുത്തുകാരോട് എന്ത് എഴുതണം, എന്ത് പറയണം എന്നു കല്‍പ്പിച്ചതും, അനുസരിക്കാത്തവരെ തെരുവില്‍ കൈകാര്യം ചെയ്തതും ആരാണ്? ഏതു പാര്‍ട്ടികളാണ്? സക്കറിയയും സി വി ബാലകൃഷ്ണനും കെ സി ഉമേഷ് ബാബുവും എന്‍ പ്രഭാകരനും മുതല്‍ ഉണ്ണി ആര്‍ വരെയുള്ളവരോട് ചോദിച്ചു നോക്ക്.
താങ്കളുടെ ഈ ഉളുപ്പില്ലായ്മയും നട്ടെല്ലില്ലായ്മയും പരിഹരിക്കുന്നത് ഞങ്ങള്‍ ചലഞ്ച് ആയി ഏറ്റെടുക്കുന്നു. ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി അയച്ച് കൊണ്ട് വാഴപ്പിണ്ടി ചാലഞ്ച് ഇതാ തുടങ്ങുന്നു.

യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ മുഖ്യമന്ത്രി നിലപാടറിയിച്ചതോടെ വി ടി ബലറാം എംഎല്‍എ ഉള്‍പ്പടെ കമന്റുകളുമായും രംഗത്തെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടികള്‍ കൂടി എത്തുന്നതോടെ യൂത്ത് കോണ്‍ഗ്രസ് കുറേക്കൂടി സടകുടഞ്ഞെഴുന്നേല്‍ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here