ഇടത് സാംസ്‌കാരിക നായകന്മാര്‍ക്ക് ‘നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി’ സമ്മാനിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊലപാതക രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരിക നായകര്‍ മൗനം ഭുജിക്കുകയാണെന്നാരോപിച്ച് തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കേരള സാഹിത്യ അക്കാദമിയിലേക്ക് പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു.
‘സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. നട്ടെല്ലിന് പകരം ഉപയോഗിക്കാന്‍ വാഴപ്പിണ്ടി എന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ മുഴക്കി. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടികൊന്ന സംഭവത്തില്‍ സാഹിത്യകാരന്മാര്‍ മൗനം പാലിക്കുന്നുവെന്ന് നേരത്തെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
സാഹിത്യ അക്കാദമിയില്‍ എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ അക്കാദമിക്ക് അകത്ത് കയറുന്നത് പൊലീസ് തടഞ്ഞു. അക്കാദമിയുടെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പ്രസിഡന്റിന്റെ കാറിന് മുകളില്‍ പിണ്ടിവെച്ച് പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.
വാഴപ്പിണ്ടി സമര്‍പ്പണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ അക്കാദമിക്ക് മുന്നില്‍ കെട്ടിയിരുന്നു. സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍ ഡാനിയല്‍, കിരണ്‍ സി ലാസര്‍ എന്നിവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ അരുംകൊല നടന്നിട്ടും പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ എന്തിനാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡീന്‍ ചോദിച്ചിരുന്നു. അവരെ കേരളത്തിന് ആവശ്യമില്ല. അഭിമന്യു മരിച്ചപ്പോള്‍ ആയിരം നാവുള്ള അനന്തന്മാരായി മാറിയ ചില സാംസ്‌കാരിക നായകന്മാര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ എന്നും ഡീന്‍ ചോദിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ കെഎസ്‌യുവും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here