Advertisement

‘അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ്’; അലൻസിയർ മാപ്പപേക്ഷിച്ച സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡബ്ലിയുസിസി

February 21, 2019
Google News 1 minute Read

ലൈംഗികാരോപണം ഉന്നയിച്ച നടി ദിവ്യഗോപിനാഥിനോട് മാപ്പു പറഞ്ഞ അലൻസിയറിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് വിമൻ ഇൻ സിനിമ കളക്ടീവ്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ല എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും വനിതാ സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം :

തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയതിന് ഞങ്ങളുടെ സഹപ്രവർത്തക ദിവ്യ ഗോപിനാഥിനോട് നടൻ അലൻസിയർ മാപ്പു പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. സിനിമയിൽ സ്ത്രീ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മക്കും അപമാനത്തിനും ഇതൊരു പരിഹാരമൊന്നുമല്ലെന്നും എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളെയും അപമാന ശ്രമങ്ങളെയും ഡബ്ല്യു.സി.സി. അപലപിക്കുന്നു. എന്നാൽ നടൻ അലൻസിയറിന്റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്റെ ചെറിയൊരു ആംഗ്യ പ്രകടനമായി ഞങ്ങൾ വിലയിരുത്തുന്നു. അത്തരം അപമാനകരമായ പെരുമാറ്റങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ പ്രധാനമാണ് . ഈ മാപ്പു പറച്ചിൽ ഭാവിയിൽ അത്തരം തിരിച്ചറിവിന്റെ മുന്നോടിയായി കണക്കാക്കാവുന്നതാണ്.

Read Also : എന്റെയൊപ്പം നിന്നവര്‍ക്കെല്ലാം നന്ദി; അലന്‍സിയറിന്റെ മാപ്പുപറച്ചിലില്‍ ദിവ്യയുടെ മറുപടി

കഴിഞ്ഞ വർഷമാണ് നടൻ അലൻസിയറിനെതിരെ മീ ടൂ ആരോപണം വരുന്നത്. ആദ്യം പേര് വെളുപ്പെടുത്താതെ പ്രമുഖ ട്വിറ്റർ ഹാൻഡിലായ ‘ഇന്ത്യ പ്രൊട്ടസ്റ്റ്‌സ്’ എന്ന പേജാണ് അലൻസിയറിനെതിരായ ആരോപണം പരസ്യപ്പെടുത്തിയത്. പിന്നീട് ഇത് ദിവ്യാ ഗോപിനാഥാണെന്ന് തുറന്ന് പറഞ്ഞ് താരം തന്നെ രംഗത്തെത്തുകയായിരുന്നു.

തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീൽഡിൽ നിലനിൽക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറയുന്നു. നാലാമത്തെ സിനിമക്കിടെ അലൻസിയറിൽ നിന്നുണ്ടായ ദുരനുഭവങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലൻസിയറിനൊപ്പമുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്നും നടി വിശദീകരിക്കുന്നു.

Read Also : അലന്‍സിയറിനെതിരായ ‘മീ ടൂ’ ആരോപണം; പേര് വെളിപ്പെടുത്തി നടി (വീഡിയോ)

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കംമുതൽ തന്നെ സമീപിച്ചത്. ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോൾ അലൻസിയർ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റർ ആർട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായി പിന്നീട്.

പിന്നീടൊരിക്കൽ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാനും അലൻസിയർ ശ്രമിച്ചതായി അവർ പറയുന്നു. താൻ ആർത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാൻ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താൻ കടന്നതിനു പിന്നാലെ വാതിലിൽ മുട്ട് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നത് കണ്ട്. തുടർച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോൾ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഓടാമെന്നു കരുതി വാതിൽ തുറന്നപ്പോൾ അലൻസിയർ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോൾ കാളിങ് ബെല്ലടിച്ചു. വതിൽ ചാടിത്തുറന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ്. അലൻസിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി.

Read Also : നടന്‍ അലന്‍സിയറിനെതിരെയും ‘മീ ടൂ’ ആരോപണം

അലൻസിയർ മറ്റു നിരവധി സന്ദർഭങ്ങളിലും അശ്ലീലമായി പെരുമാറാൻ ധൈര്യപ്പെട്ടെന്നും നടി പറയുന്നു. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താൻ ഉറങ്ങാൻ കിടന്നപ്പോൾ കൂടെയുണ്ടായിരുന്നയാൾ കുളിക്കാനായി പുറത്തുള്ള ബാത്ത്‌റൂമിലേക്ക് പോയി. ഈ സന്ദർഭത്തിൽ അലൻസിയർ അകത്തേക്ക് കയറി. തന്റെ ബെഡ്ഡിലേക്ക് കയറിക്കിടന്ന് കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here