സര്‍ക്കാരിന്റെ ആയിരംദിന ഫ്‌ളെക്‌സുകള്‍ റെയില്‍വേ മറച്ചു; സ്റ്റേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ സത്യാഗ്രഹമിരുന്ന് എ സമ്പത്ത് എം പി

സര്‍ക്കാരിന്റെ ആയിരംദിന ഫഌക്‌സുകള്‍ റെയില്‍വേ മറച്ചുവെന്നാരോപിച്ച് പ്രകോപിതനായി എ സമ്പത്ത് എം പി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച ഫഌക്‌സുകളാണ് റെയില്‍വേ അധികൃതര്‍ മറച്ചത്. സ്റ്റേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ എത്തിയാണ് സമ്പത്ത് എം പി പ്രകോപിതനായത്. വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ഓഫീസില്‍ സത്യാഗ്രഹമിരിക്കുമെന്ന് എം പി പറഞ്ഞു.
റെയില്‍വേ അധികൃതരെ രൂക്ഷമായ ഭാഷയിലാണ് എം പി വിമര്‍ശിച്ചത്. തമിഴ്‌നാട്ടിലോ, കര്‍ണ്ണാടകയിലോ ആണെങ്കില്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യുമോ എന്ന് എം പി ചോദിക്കുന്നു. പിആര്‍ഡി നല്‍കിയ പരസ്യമാണ് റെയില്‍വേ നീക്കം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കാണുന്നത് പലര്‍ക്കും ഇഷ്ടമല്ല. ആ പരസ്യങ്ങളിലൊന്നും തെരഞ്ഞെടുപ്പ് അടയാളമില്ല. പുറത്തു നിന്നും വരുന്ന പലര്‍ക്കും കേരളം ഒന്നായി നില്‍ക്കുന്നത് കാണുന്നത് ഇഷ്ടമല്ല. നടപടിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും സമ്പത്ത് എം പി പറഞ്ഞു.
റെയില്‍വേ അവരുടെ തറവാട് സ്വത്താണെന്നാണ് അവരുടെ വിചാരം. ജനങ്ങളൊക്കെ ഇവരെ കണ്ട് ഓച്ചാനിച്ച് നില്‍ക്കണം. ട്രെയിന്‍ യാത്ര ഇവരുടെ ഔദാര്യമാണെന്നാണ് ഇവര്‍ കരുതുന്നത്. പരസ്യം വീണ്ടും നല്‍കിയാല്‍ മുകളിലേക്ക് അയച്ച് തീരുമാനമാക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അങ്ങനെ മുകളിലേക്കും താഴേക്കും അയച്ച് കളിക്കേണ്ടെന്നും എം പി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here