Advertisement

പെരിയയിലേത് ഹീനമായ കൊലപാതകം; ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി

February 22, 2019
Google News 0 minutes Read

പെരിയയിലെ കൊലപാതകം ഹീനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചു. ഇത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.

തെറ്റായ ഒന്നിനേയും ഏറ്റെടുക്കേണ്ട കാര്യം സിപിഐഎമ്മിനില്ല. അതുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അതിനെ തള്ളിപ്പറഞ്ഞത്. സിപിഐഎം എങ്ങനെ അത്തരത്തിലുള്ള സംഭവങ്ങളെ കാണുന്നു എന്നതിന് തെളിവാണത്. അങ്ങനെയുള്ള ആളുകള്‍ക്ക് സിപിഐഎമ്മിന്റേതായ ഒരു പരിരക്ഷയും നല്‍കില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കാന്‍ നേരത്തേ തന്നെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലപാടുള്ളതിനാലാണ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നത്. ആക്രമങ്ങള്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് കരുത്ത് പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജിപിയും കോണ്‍ഗ്രസും ഇടതുപക്ഷ മുന്നണിയെ ആക്രമിക്കുന്നു എന്നത് പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ഹരമായിമാറിയിരിക്കുകയാണ്. ഇടതുപക്ഷ മുന്നണി അക്രമിക്കപ്പെടേണ്ടവരാണ് എന്നാണ് പൊതുവായ നിലപാട്. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും അക്രമിക്കപ്പെടാല്‍ വലിയ കാര്യമാല്ല എന്ന അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ചില മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം മാറ്റിവെച്ചത്. മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിപിഐഎം നേതൃത്വം ഡിസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചപ്പോള്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേതൃത്വം നല്‍കിയ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here