സൗദി പൗരന്മാരുടെ ഇ വിസ; നടപടി സ്വാഗതാര്‍ഹമെന്ന് കടകംപളളി

സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ വിസ അനുവദിക്കുന്നതിനും, വിനോദസഞ്ചാരികളുടെ യാത്രരേഖകള്‍ക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതിനെ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായത്. ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ബയോമെട്രിക് വിസ സമ്പ്രദായം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്ര്‍ നടപടി പിന്‍വലിക്കണമെന്ന് കഴിഞ്ഞ രണ്ടര വര്‍ഷമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്.
ഇംഗ്ലണ്ടും അമേരിക്കയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സംസ്ഥാന ടൂറിസം വകുപ്പ് റോഡ് ഷോ അടക്കം നിരവധി പ്രചാരണ ക്യാമ്പയിനുകള്‍ സൗദിയില്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, സൗദി പൗരന്‍മാര്‍ക്ക് ബയോമെട്രിക് എന്‍റോള്‍മെന്റ് വിസ നിര്‍ബന്ധമാക്കിയത് കേരള ടൂറിസത്തിന് തിരിച്ചടിയായിരുന്നു. ഈ തീരുമാനം പിന്‍വലിച്ച് സൗദി പൗരന്‍മാര്‍ക്ക് ഇ വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് അനുകൂലമായ പ്രതികരണം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഉണ്ടായിരുന്നില്ല.
Read More: സൗദി ലെവി ഇളവ്; കൂടുതല്‍ പഠനം വേണമെന്ന് ശൂറാ കൗണ്‍സില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് സൗദി പൗരന്‍മാര്‍ക്ക് ഇ വിസ ഇന്ത്യയിലേക്ക് അനുവദിക്കാമെന്നും, വിനോദസഞ്ചാരികള്‍ക്കുള്ള യാത്രാ രേഖകള്‍ക്കുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനും ധാരണയായത്. ഗണ്യമായ തോതില്‍ സൗദിയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുവാന്‍ ഇത് കാരണമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ തനത് ടൂറിസം ഉത്പന്നങ്ങളായ കായല്‍ തീരങ്ങള്‍, ഹില്‍സ്റ്റേഷനുകള്‍, ആയൂര്‍വേദം, മണ്‍സൂണ്‍ എന്നിവ സൗദി പൗരന്‍മാര്‍ക്ക് പ്രിയപ്പെട്ടവയാണ്. പ്രതിവര്‍ഷം ശരാശരി 50000 ടൂറിസ്റ്റുകള്‍ സൗദിയില്‍ നിന്നും നേരത്തെ എത്തിയിരുന്നു. ഇതില്‍ വലിയ വര്‍ധനവ് വിസാ നടപടിയിലെ കടുത്ത നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്നതോടെ ഉണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here