പാലക്കാട് വന്‍ ലഹരി വേട്ട; ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട് ഒരു ടണ്ണിലേറെ നിരോധിച്ച ലഹരി വസ്തുക്കൾ പിടികൂടി. ട്രെയിനിൽ പാഴ്സലായി കൊണ്ടുവന്ന ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പ്രതികളെ കണ്ടെത്താനായിട്ടില്ല.
ഡൽഹിയിൽ നിന്ന് പാലക്കാട്ടേക്ക് ട്രെയിനിൽ പാഴ്സലാക്കി അയച്ച 1036 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 25 ചാക്കുകളിലാക്കിയാണ് നിരോധിച്ച ലഹരി വസ്തുക്കൾ അയച്ചത്. കേരള എക്സ്പ്രസിൽ പാലക്കാട്ട് എത്തിച്ച ലഹരി വസ്തുക്കൾ റെയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. പ്രതികളെ പിടികൂടാനായിട്ടില്ല. പിടികൂടിയ ഉൽപ്പന്നങ്ങൾ എക്സൈസിന് കൈമാറി.
പാഴ്സൽ അയക്കുമ്പോൾ നൽകിയ വിലാസം വ്യാജമാണെന്നാണ് സൂചന. ചെരുപ്പെന്ന പേരിലാണ് പാഴ്സലെത്തിയത്. പിടികൂടിയ ലഹരി വസ്തുക്കൾക്ക് 40 ലക്ഷം രൂപയോളം വില വരും.
സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിൽപ്പനയും ഭയമുളവാക്കുന്ന രീതിയിൽ വർദ്ധിച്ചിരിക്കുന്നു. ലഹരി വസ്തുക്കൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ കേസുകൾ 4 വർഷത്തിനിടെ നൂറിരട്ടിയിലധികം വർദ്ധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here